
''ജീവിതം ശോഭനമാകുന്നതിന് നമ്മളെന്താണ് ചെയ്യേണ്ടതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സംശയമെന്താണ്: ശരിയായ ചിന്തയും പ്രവൃത്തിയും നമുക്കുണ്ടാകണം! എങ്ങനെയാണ് ഒരു വ്യക്തിയിൽ ശരിയായ ചിന്തകൾ പിറക്കുന്നതും, ശരിയായ പ്രവൃത്തികൾ അയാളിൽ നിന്നും സമൂഹത്തിന് ലഭിക്കുകയും ചെയ്യുന്നത്? ഒരു സംശയവും വേണ്ട, ശരിയായ സംസർഗങ്ങൾ കൊണ്ടുമാത്രമേ, ശരിയായ ചിന്തകൾ മനുഷ്യമനസിൽ ഉദിക്കുകയുള്ളു! ശരിയായ ചിന്തകളിൽ നിന്നുമാത്രമേ, ശരിയായ പ്രവൃത്തികൾ ജനിക്കുകയുള്ളു! അപ്പോൾ, ഇവിടെ ഏറ്റവും പ്രധാനകാര്യം സംസർഗങ്ങൾ തന്നെയാണ്! മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് പൂർണ്ണമായും ശരിയാണെന്ന് ആധുനിക മനഃശാസ്ത്രജ്ഞർ അടിവരയിടുന്നുണ്ട്! ഒന്നോർത്താൽ, സാധാരണ പള്ളിക്കൂടങ്ങളിൽ പഠിച്ചവർക്ക് 'ചങ്ങാതി നന്നെങ്കിൽ, കണ്ണാടി വേണ്ട"യെന്ന അടിസ്ഥാന പാഠം അവിടത്തെ നല്ല അദ്ധ്യാപകർ പണ്ടേ പഠിപ്പിച്ചിട്ടുള്ളതാണ്!"" ഒരു പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞശേഷം, പ്രഭാഷകൻ സദസിൽ ഓരോ മുഖങ്ങളിലേയും ഭാവമാറ്റങ്ങൾ നോക്കിനിന്നു. സദസ്യരിൽ മിക്കവരും ഉത്തമസുഹൃത്തുക്കളും, അയൽക്കാരുമൊക്കെയായതിനാൽ അവരുടെ സ്വഭാവത്തിലും സമാനതകൾ നിരവധിയായിരുന്നു. അതിന്റെ ഗുണദോഷവശങ്ങൾ മനസിലാക്കിയതിന്റെ അപഗ്രഥനമാണോ പ്രഭാഷകൻ നടത്തുന്നതെന്ന് ചിലർ സംശയിച്ചു. സദസ്യരിലെ ആശയക്കുഴപ്പം തമാശയായാണ് താൻ എടുത്തതെന്നു തോന്നിപ്പിക്കുമാറ് ഒരു പുഞ്ചിരിയോടെ പ്രഭാഷകൻ തുടർന്നു: "
''ഒരേ ഗുരുവിൽ നിന്നാണ് ധർമ്മപുത്രരും, ദുര്യോധനനും വിദ്യ അഭ്യസിച്ചതെങ്കിലും, ശകുനിയമ്മാവനുമായുള്ള അമിതസൗഹൃദം കൗരവകുല നാശകാരണമായില്ലേ! കൗമാരക്കാരുടെ സ്വഭാവരൂപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് കൂട്ടുകെട്ടുകളാണെന്ന് എത്രയോ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അപ്പോൾ സ്വാഭാവികമായും അത്തരമൊരു സ്വാധീനം യുവാക്കളിലും, മദ്ധ്യവയസ്ക്കരിലും, മുതിർന്ന പൗരന്മാരിലും ഉണ്ടാകുന്നില്ലേയെന്നു ചോദിച്ചാൽ, തീർച്ചയായും ഉണ്ടാകുമെന്ന് നമുക്കുറപ്പിക്കാമെന്നു പറയാമല്ലോ! ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത ചില വ്യക്തികൾ, തങ്ങളുടെ അവസാനകാലത്ത്, മദ്യപാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാൽ മരണമടഞ്ഞു എന്നൊക്കെ കേട്ടിട്ടില്ലേ? അത്തരം മാന്യവ്യക്തികളും വഴിതെറ്റിപോയത് സംസർഗദോഷത്താലെന്നും കേട്ടിട്ടുണ്ട്. അപ്പോൾ പിന്നെ, കൗമാരക്കാരെ കുറ്റംപറയാൻ ആർക്കാണ് കഴിയുക! സ്വന്തം കുറ്റങ്ങളും, കുറവുകളും സ്വയം മനസിലാക്കി, അത്യാവശ്യം വേണ്ടതിരുത്തലുകൾ വരുത്തി, ഒഴിവാക്കേണ്ടത് ഒഴിവാക്കി, മുന്നോട്ടു പോകുന്നതല്ലേ ശരിയായ രീതി? കേട്ടിട്ടില്ലേ, 'കെട്ടവനെ തൊട്ടാൽ, തൊട്ടവനും കെടുമെന്ന്."
രണ്ടുകുടങ്ങൾ, ഒന്നിൽ അതിന്റെ കഴുത്തുഭാഗം വരെ ശുദ്ധമായ പശുവിൻ പാലും രണ്ടാമത്തെതിൽ പച്ചവെള്ളവും. അവിടെ, മറ്റു രണ്ടു ഗ്ലാസുകൾ കൂടിയുണ്ടെന്നു വിചാരിക്കുക. അവയിൽ, ഒന്നിൽ നിറയെ പശുവിൻ പാൽ. മറ്റെതിൽ പച്ചവെള്ളവുമുണ്ട്. ഗ്ലാസ്സിലെ പാൽ, പച്ചവെള്ളമിരിക്കുന്ന കുടത്തിൽ ഒഴിച്ചു. അതോടെ, പാലിന്റെ ഗുണങ്ങൾ നഷ്ടപ്പെട്ട് അത് പച്ചവെള്ളത്തിന്റെ ഭാഗമായി മാറി. അതിനുശേഷം, ഗ്ലാസിലെ പച്ചവെള്ളം, പാലിരിക്കുന്ന കുടത്തിലേക്ക് ഒഴിച്ചു. അത് ഗ്ലാസിലിരുന്ന പച്ചവെള്ളത്തിന്റെ മൂല്യം കൂടുന്നതിന് കാരണമാകുകയും  അത് കുടത്തിലെ പാലിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇവിടെ, പാൽ, സജ്ജനത്തിന്റെയും, പച്ചവെള്ളം, ദുർജ്ജനത്തിന്റെയും പ്രതീകമാണ്. അപ്പോൾ, നമ്മൾതന്നെ തീരുമാനമെടുക്കുക എവിടെയാണ് ചേരേണ്ടതെന്ന്. അതിനാണ് ശരിയായി ചിന്തിക്കേണ്ടത്! അപ്പോഴാണ് ആ വ്യക്തിയിലെ നല്ല പ്രവൃത്തികൾ സമൂഹത്തിൽ നന്മയായി ഭവിക്കുന്നത്! അത്തരം മഹത്വ്യക്തിത്വങ്ങൾ ഒരിക്കലും പൂരം കലക്കാൻ പോകില്ല. അവർ, കലക്കുവെള്ളത്തിൽ മീൻപിടിക്കാനും നോക്കില്ല!"" ഇപ്രകാരം, പ്രഭാഷണം നിറുത്തുമ്പോൾ, സദസിലെ ആർപ്പുവിളിമേളങ്ങൾ സമ്മാനിച്ച ആവേശം പ്രഭാഷകനും പൂർണ്ണമായി ഉൾക്കൊണ്ടിരുന്നു.