
ബ്യൂണസ് ഐറിസ്: ബ്രിട്ടീഷ് ബോയ് ബാൻഡ് 'വൺ ഡയറക്ഷന്റെ' മുൻ ഗായകൻ ലിയാം പെയിനിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം മുറിയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചതാകാമെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഹോട്ടലിന്റെ പിൻഭാഗത്ത് വലിയ ശബ്ദം കേട്ടെന്നും ഉടൻ പൊലീസിനെ അറിയിച്ചെന്നും ഹോട്ടൽ മാനേജർ പറഞ്ഞു. പൊലീസ് എത്തിയപ്പോൾ ഒരാൾ തന്റെ മുറിയിലെ ബാൽക്കണിയിൽ വീണതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് മദ്യം അടക്കമുള്ളവയോടുള്ള അഡിക്ഷനെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനായി റിഹാബിറ്റേഷൻ സെന്ററുകളിൽ സമയം ചെലവഴിക്കുന്നതിനെപ്പറ്റിയും ഗായകൻ മുമ്പ് തുറന്നുപറഞ്ഞിരുന്നു. കാമുകിക്കൊപ്പം അടുത്തിടെയാണ് അദ്ദേഹം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. കഴിഞ്ഞ പതിനാലിന് കാമുകി തിരിച്ചുപോയെങ്കിലും അദ്ദേഹം ഇവിടെ തുടരുകയായിരുന്നു.
2010ൽ ബ്രിട്ടീഷ് ടെലിവിഷൻ മത്സരമായ 'ദി എക്സ് ഫാക്ടറിലൂടെയാണ്' ലിയാം പെയിൻ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുപിന്നാലെയാണ് 'വൺ ഡയറക്ഷൻ' ജനഹൃദയങ്ങളിൽ ഇടം നേടിയത്. 2016ൽ ഗ്രൂപ്പ് പിരിഞ്ഞതോടെ പെയ്ൻ സോളോ ആൽബങ്ങളിൽ സജീവമായിരുന്നു. പെയ്ൻ ഈ മാസം ആദ്യം ബ്യൂണസ് ഐറിസിൽ മുൻ ബാൻഡ്‌മേറ്റ് നിയാൽ ഹൊറന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു.