nikita-porwal

മുംബയ്: 2024 ഫെമിന മിസ് ഇന്ത്യ വേൾഡ് മത്സരത്തിൽ സൗന്ദര്യറാണിയായി കിരീടം ചൂടി മദ്ധ്യപ്രദേശുകാരി നികിത പോർവാൾ. ഇന്നലെ രാത്രി മുംബയിൽ നടന്ന 60ാം ഫെമിന മിസ് ഇന്ത്യ മത്സരത്തിലാണ് നികിത വിജയിയായത്.

ഉജ്ജെയിൻ സ്വദേശിയായ നികിത 18ാം വയസിൽ ടിവി അവതാരകയായാണ് തന്റെ കരിയർ ആരംഭിച്ചത്. തിയേറ്റർ ആർടിസ്റ്റാണ്. അറുപതിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള നികിത 'കൃഷ്ണ ലീല' എന്ന പേരിൽ നാടകവും രചിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദ‌ർശിപ്പിച്ച ഒരു ഫീച്ചർ സിനിമയിലും നികിത അഭിനയിച്ചിട്ടുണ്ട്. സിനിമ താമസിയാതെ ഇന്ത്യയിൽ റിലീസ് ആവുമെന്നാണ് വിവരം.

മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ വലിയ ആരാധികയാണ് നികിത. ആധുനികതയോടൊപ്പം ഇന്ത്യൻ പാരമ്പര്യവും സമന്വയിപ്പിക്കാനുള്ള ഐശ്വര്യയുടെ കഴിവ് പ്രശംസനീയമാണെന്നും മറ്റ് സ്ത്രീകൾക്ക് മാതൃകാപരവുമാണെന്നും നികിത പറയുന്നു. വലിയൊരു മൃഗസ്‌നേഹി കൂടിയാണീ സുന്ദരി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി ചിത്രത്തിന്റെ ഭാഗമാകാനും നികിത ആഗ്രഹിക്കുന്നു. 2024 ലോക സുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നികിതയാണ്.

ദാദ്ര ആന്റ് നഗർ ഹവേലി സ്വദേശി രേഖ പാണ്ഡെ ആണ് മിസ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായത്. ഫിലിം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്. ഗുജറാത്ത് വഡോദര സ്വദേശി ആയുഷി ദൊലാകിയ ആണ് സെക്കന്റ് റണ്ണറപ്പ്.