
പണി, കുണ്ടന്നൂരിലെ കുത്സിത ലഹള, ത്രയം, ദയാഭാരതി, പല്ലൊട്ടി എന്നീ അഞ്ച് ചിത്രങ്ങളുടെ റിലീസ് ഈവാരം. ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിക്കുന്ന പണി, അക്ഷയ് അശോക് രചനയും സംവിധാനവും നിർവഹിച്ച് ലുക്മാൻ പ്രധാന വേഷത്തിൽ എത്തുന്ന കുണ്ടന്നൂരിലെ കുൽസിത ലഹള എന്നീ ചിത്രങ്ങൾ 24ന് തിയേറ്ററിലെത്തും. ഗസൽ ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദയാഭാരതി, ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്‌ൻ, അജു വർഗീസ്, നിരഞ്ജയ് മണിയൻപിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ത്രയം, മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നവാഗതനായ ജിതിൻ രാജ് കഥ എഴുതി സംവിധാനം ചെയ്യുന്ന പല്ലൊട്ടി 90 ‘s കിഡ്സ് എന്നീ സിനിമകൾ 25നും ആണ് റിലീസ്.
ജോജു ജോർജ് ചിത്രം പണിയിൽ തമിഴ്നടി അഭിനയയാണ് നായിക. സീമ, അഭയ ഹിരൺമയി, സുജിത് ശങ്കർ, പ്രശാന്ത് അലക്സാണ്ടർ, സാഗർ, ജുനൈസ് എന്നിവരാണ് മറ്ര് താരങ്ങൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മാസ്-ത്രില്ലർ-റിവഞ്ച് ജോണറിലാണ്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ശ്രീഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകനായ ഹരിഹരൻ നായകനായ ദയാഭാരതി കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് അവതരിപ്പിക്കുന്നത്. നേഹ സക്സേന, നാഞ്ചിഅമ്മ, കൈലാഷ്, അപ്പാനി ശരത്, ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ, എ.വി. അനൂപ്, ജയരാജ് നീലേശ്വരം എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ആദിവാസികളും അണിനിരക്കുന്നു.
തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റ്സിന്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് നിർമ്മാണം. കെ.ജി. വിജയകുമാർ തന്നെയാണ് തിരക്കഥ. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ത്രയം നിയോ- നോയിർ ഗണത്തിൽപ്പെടുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.
അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് , സുധി കോപ്പ,ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരാണ് പല്ലൊട്ടിയിലെ മറ്റ് താരങ്ങൾ. സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത ലഹളയാണ് ലുക്മാൻ പ്രധാന വേഷത്തിൽ എത്തുന്ന കുണ്ടന്നൂരിലെ കുത്സിത ലഹള അവതരിപ്പിക്കുന്നത്. വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, ദാസേട്ടൻ കോഴിക്കോട് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.