health

ശരീരഭാരം കുറയ്‌ക്കാനുള്ള പല തരത്തിലുള്ള ഹാക്കുകൾ സോഷ്യൽ മീഡിയയിലുണ്ട്. എന്നാൽ, ഇവയെല്ലാം ഫലപ്രദമാണോ എന്ന ചോദ്യമാണ് കാണുന്ന എല്ലാവരുടെയും മനസിൽ. പ്രത്യേകിച്ച് ഓരോ പരീക്ഷണങ്ങൾ നടത്തി ഫലം കിട്ടാതായവർ. എന്നാൽ, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മാർഗമുണ്ട്. പരീക്ഷിച്ച എല്ലാവർക്കും ഫലം ലഭിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. പോഷകാഹാര വിദഗ്ദ്ധനായ അലൻ അരഗോൺ ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രതീക്ഷിക്കുന്നതിലുമധികം ശരീരഭാരം കുറയ്‌ക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് ഈ വൈറൽ രീതിയെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും നോക്കാം.

ഭക്ഷണപ്രിയർക്ക് പോലും ഈ ട്രിക്ക് ഏറെ പ്രയോജനം ചെയ്യും. ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ തടി കുറയ്‌ക്കാവുന്നതാണ്. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് അലൻ വീഡിയോയിൽ പറയുന്നത്. മോഡൽ ഹെൽത്ത് ഷോയുടെ പോഡ്‌കാസ്റ്റിനിടെയാണ് അലൻ തന്റെ തന്ത്രം വെളിപ്പെടുത്തിയത്. ഇതിനെ വാട്ടർ ട്രിക്ക് എന്നാണ് പറയുന്നത്. ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ നിർജലീകരണം തടയുന്നതിനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്‌ക്കാനും സഹായിക്കുന്നു.

ചില സമയങ്ങളിൽ ശരീരത്തിൽ ജലാംശം കുറയുമ്പോൾ വിശക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഇത് മാറാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടോടെ വേണം വെള്ളം കുടിക്കാൻ. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ലതല്ല എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ, വെള്ളം കുടിക്കുന്നത് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുമെന്നാണ് അലൻ പറയുന്നത്.