-somy-ali

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുൻ കാമുകിയും നായികയുമായ സോമി അലിയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിലവിൽ സബർമതി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കുറിച്ചാണ് സോമി പോസ്റ്റ് ചെയ്തത്. ലോറൻസിന്റെ ചിത്രം പങ്കുവച്ച ശേഷം കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാൻ ഭീഷണി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോമിയുടെ പ്രതികരണം.

'ഇത് ലോറൻസ് ബിഷ്ണോയിക്ക് നേരിട്ടുള്ള സന്ദേശം, നമസ്തേ ലോറൻസ് ഭായ്. നിങ്ങൾ ജയിലിൽ നിന്ന് സൂം കോളുകൾ ചെയ്യുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് സംസാരിക്കണം. അത് എങ്ങനെ വേണമെന്ന് ദയവായി എന്നോട് പറയൂ. ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് രാജസ്ഥാൻ. എനിക്ക് നിങ്ങളുടെ ക്ഷേത്രത്തിൽ സന്ദർശനം നടത്തണമെന്നുണ്ട്. പക്ഷേ അതിന് മുൻപ് ആദ്യം നമുക്ക് സൂം കോൾ ചെയ്യാം. എന്നെ വിശ്വസിക്കൂ. ഈ ചാറ്റ് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. ദയവായി മൊബെെൽ നമ്പർ തരൂ. നന്ദി', - സോമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പിന്നാലെ പോസ്റ്റിന് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി ആരാധക‌ർ സോമിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. 1999ലാണ് സോമി അലിയും സൽമാൻ ഖാനും തമ്മിലുള്ള ബന്ധം തകരുന്നത്. നിലവിൽ നടി യുഎസിലാണ് താമസിക്കുന്നത്.