
ചായപ്പൊടി മുതൽ മിക്‌സ്ചർ വരെ പലതിലും മായം ചേർത്തുവെന്ന വാർത്തകർ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ എന്ത് സാധനവും നമ്മൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ കഴുകണമെന്നൊക്കെ പറയാറുണ്ട്. കീടനാശിനിയോ മറ്റും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഒരു പരിധിവരെ വിഷാംശം അകറ്റാൻ ഇതുവഴി സാധിക്കും.
അതുപോലെ നമ്മൾ എന്നും ഉപയോഗിക്കുന്ന സാധനമാണ് വെളിച്ചെണ്ണ. കറിവയ്ക്കാനും തോരൻ വയ്ക്കാനുമടക്കം വെളിച്ചെണ്ണ ആവശ്യമാണ്. ചിലർ വീട്ടിലെ കൊപ്ര ഉപയോഗിച്ച് വെളിച്ചെണ്ണയുണ്ടാക്കിയാണ് ഉപയോഗിക്കാറ്. എന്നാൽ തേങ്ങയൊക്കെ എല്ലാ വീടുകളിലും ഉണ്ടാകണമെന്നില്ല. അതിനാൽത്തന്നെ മിക്കവരും കടയിൽ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്.
വൻ തുക കൊടുത്ത് വാങ്ങുന്ന ഈ വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റുമോ. അഥവാ മായം ചേർത്തിട്ടുണ്ടെങ്കിൽ ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മായം ചേർത്ത വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാൻ സാധിക്കും? അതിനൊരു വഴിയുണ്ട്. എന്താണെന്നല്ലേ,
ചില്ലു ഗ്ളാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം. ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ അല്ലെങ്കിൽ മോശം വസ്‌തുക്കൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/ പെട്രോളിയം മായത്തിനും തെളിവാണ്.