beauty

സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് മുടിയിലെ നര. അകാല നരയാണെങ്കിൽ പ്രത്യേകിച്ചും. മുടിയുടെ നര മാറാൻ പല തരം ഡൈകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കൃത്രിമ ഡൈ പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ശരീരത്തിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ പ്രകൃതി ദത്തമായ രീതിയിൽ മുടി കറുപ്പിക്കാനുള്ള വിദ്യകളാണ് പലരും തേടുന്നത്. അത്തരത്തിൽ വീട്ടിൽതന്നെ ലഭിക്കുന്ന ചില സാധനങ്ങൾ കൊണ്ട് എങ്ങനെ ഡൈ തയ്യാറാക്കാം എന്ന് നോക്കാം.

ഉരുളക്കിഴങ്ങ്,​ തേയില വെള്ളം,​ നീലയമരി എന്നിവയാണ് ഇതിനായി വേണ്ടത്. വരണ്ട മുടി,​ തലയോട്ടിയിലെ ചൊറിച്ചിൽ,​ മുടികൊഴിച്ചിൽ,​ അകാല നര എന്നിവയ്ക്കെല്ലാം ഉത്തമപരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി,​ മുടിയിഴകൾ എന്നിവ മോയ്ചുറൈസ് ചെയ്യുന്നതിനും കണ്ടിഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു.

തേയിലയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തേയില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ,​ വിറ്റാമിൻ സി,​ ടാനിസ് എന്നീ ഘടകങ്ങളാണ് മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നത്. തിളക്കം നൽകി ജീവനില്ലാത്തതും ശോഷിച്ചതുമായ മുടിയുടെ പ്രശ്നം പരിഹരിക്കാൻ തേയിലയ്ക്ക് കഴിയും.

മുടി കറുപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്നതാണ് നീലയമരി. ഹെന്ന ഇട്ട ശേഷം മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാൻ നീലയമരി ഇടുന്നവരുണ്ട്. മുടി കൊഴിച്ചിലും നരയും മാറ്റാൻ ഏറ്റവും മികച്ചതാണ് ഇത്. നീലയമരിയുടെ ഇല ഉണക്കിപ്പൊടിച്ചാണ് ഹെയർ ഡൈയിൽ ഉപയോഗിക്കുന്നത്. പാക്കറ്റിൽ വാങ്ങുന്നതും ഉപയോഗിക്കാം. നീലയമരി കിട്ടിയില്ലെങ്കിൽ കരിംജീരകവും ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കേണ്ട വിധം

കറുപ്പിക്കേണ്ട മുടി അനുസരിച്ച് ഉരുളക്കിഴങ്ങ് എടുക്കുക. ഒരു മുഴുവൻ ഉരുളക്കിഴങ്ങോ പകുതിയോ ഇതിനായി ഉപയോഗിക്കാം, ഉരുളക്കിഴങ്ങ് മിക്സിയിലിട്ട് അല്പം കട്ടൻചായയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരുപാത്രത്തിലേക്ക് അരിച്ച് മാറ്റണം,​ ഇതിലേക്ക് കുറച്ചുകൂടി തേയില വെള്ളം ചേർത്ത് സ്‌പ്രേ രൂപത്തിലാക്കുക. തുടർന്ന് നീലയമരി പൊടിയോ കരിംജീരക പൊടിയോ ചേർത്ത് യോജിപ്പിക്കണം. ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം. തയ്യാറാക്കി മൂന്ന് മണിക്കൂർ വച്ച ശേഷം വേണം ഉപയോഗിക്കാൻ. ഇത് തലയിൽ സ്‌പ്രേ ചെയ്ത് 15 മിനിട്ടിന് ശേഷം കഴുകി കളയണം. ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.