
സർജറിക്ക് കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ രോഗിയെ കൊല്ലാക്കൊല ചെയ‌്ത ഒരു സർക്കാർ ഡോക്‌ടറെ പറ്റി പറയുകയാണ് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച അബ്‌ദുൽ ലത്തീഫ് മാറേഞ്ചേരി. തൃശൂർ മെഡിക്കൽ കോളേജിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സംഭവം. അന്ന് അബ്‌ദുൽ ലത്തീഫ് അവിടെ സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു.
അബ്‌ദുൽ ലത്തീഫിന്റെ സുഹൃത്ത് കൂടിയായ സാമൂഹിക പ്രവർത്തകൻ ലത്തീഫ് കിഡ്‌നി സ്‌റ്റോണിന്റെ സർജറിക്കായി അഡ്‌മിറ്റായി. തൃശൂർ മെഡിക്കൽ കോളേജിൽ യൂറോളജിയിൽ അന്ന് ഒരു ഡോക്‌ടറാണുള്ളത്. സുഹൃത്തിന്റെ കാര്യം പ്രത്യേകമായി ഡോക്‌ടറോട് അബ്‌ദുൽ ലത്തീഫ് ശുപാർശ ചെയ‌്തു. എന്നാൽ, അഡ്‌മിറ്റായി ആഴ്‌ച ഒന്ന് കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്തിയില്ല. ഒടുവിൽ കൂടെയുള്ള രോഗികൾ ലത്തീഫിനോട് പറഞ്ഞു കാര്യം നടക്കണമെങ്കിൽ ഡോക്‌ടറെ ചെന്നുകണ്ട് എന്തെങ്കിലും കൊടുക്കൂ എന്ന്. കൈക്കൂലിക്ക് എതിരായിട്ട് കൂടി കാര്യം നടക്കാനായി ലത്തീഫ് ഡോക്‌ടറെ ചെന്നുകണ്ട് 2000 രൂപ കൊടുത്തു. ആ ഡോക്‌ടർ വാങ്ങുന്ന സംഖ്യ ആയിരുന്നില്ല അത്.
ഒരു ഡേറ്റ് നിശ്ചയിച്ച് ഓപ്പറേഷൻ നടത്തി. അനസ്തേഷ്യ കൊടുക്കാതെ പച്ചയ്‌ക്കായിരുന്നു ഓപ്പറേഷൻ നടത്തിയത്. അയാൾ കരഞ്ഞുവിളിച്ചു. ആ കരച്ചിലിനിടയിലും ഡോക്‌ടർ നഴ്‌സിനോട് പറഞ്ഞത്. പ്രൈവറ്റ് ആശുപത്രിയിൽ ആയിരുന്നെങ്കിൽ എത്ര ലക്ഷം ചെലവാകുമായിരുന്നു. അപ്പോൾ കുറച്ച് കാശ് ചെലവാക്കിയാൽ എന്തായിരുന്നു കുഴപ്പം എന്നാണ്.
ഇൻഫക്ഷൻ ആയതിനെ തുടർന്ന് ഇതേ ഡോക്‌ടർ വീണ്ടും ഓപ്പറേഷൻ നടത്തി. അപ്പോഴും അനസ്തേഷ്യ കൊടുക്കാതെയായിരുന്നു ചെയ‌്തത്. തുടർന്ന് ഗത്യന്തരമില്ലാതെ ലത്തീഫ് ഒരു പ്രൈവറ്റ് ആശുപത്രിയിൽ വച്ച് സർജറി നടത്തി. അപ്പോഴാണ് സത്യം മനസിലായത്. സർക്കാർ ആശുപത്രിയിലെ അഴിമതി ഡോക്‌ടർ സ്‌റ്റോണിന്റെ 75 ശതമാനവും അവിടെ നിലനിറുത്തിയിരുന്നുവെന്ന്. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അബ്‌ദുൽ ലത്തീഫ് പറയുന്നു.