rupee

ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു

കൊച്ചി: ഭവന, വാഹന വില്പനയിലെ തളർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വം ശക്തമാക്കുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വാഹന വില്പനയിൽ പ്രമുഖ കമ്പനികളെല്ലാം കനത്ത തിരിച്ചടി നേരിട്ടിരുന്നു. ചൈന പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതോടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപകർ പണം ഇന്ത്യയിൽ നിന്ന് അവിടേക്ക് മാറ്റുകയാണ്.

നാണയപ്പെരുപ്പ ഭീഷണി നേരിയ ഇടവേളയ്‌ക്ക് ശക്തമാകുന്നതിനാൽ നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്‌ക്കാൻ സാദ്ധ്യത മങ്ങിയതും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

ഓഹരിയിൽ ഇടിവ് തുടരുന്നു

സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനകൾ ദൃശ്യമായതോടെ നിക്ഷേപകർ വില്പന മോഡിലേക്ക് നീങ്ങിയതോടെ ഓഹരി വിപണി ഇന്നലെ കനത്ത ഇടിവ് നേരിട്ടു. ബോംബെ ഓഹരി സൂചിക 494.7 പോയിന്റ് നഷ്‌ടവുമായി 81,006.61ൽ അവസാനിച്ചു. ദേശീയ സൂചിക 221.5 പോയിന്റ് ഇടിഞ്ഞ് 24,749.80ൽ എത്തി. ഇത്തവണത്തെ ഉത്സവകാലത്ത് വാഹന വില്പനയിൽ പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാകില്ലെന്ന ബജാജ് ഓട്ടോയുടെ വെളിപ്പെടുത്തലാണ് വിപണിക്ക് തിരിച്ചടിയായത്.

വെല്ലുവിളികൾ

1. ജൂലായ് മുതൽ വില്പന കുറഞ്ഞതോടെ ഡീലർഷിപ്പുകളിൽ വാഹനങ്ങൾ വലിയ തോതിൽ കെട്ടിക്കിടക്കുകയാണ്. ഡീലർമാരുടെ കൈവശം വിൽക്കാതെ ശേഷിക്കുന്നത് 79,000 കോടി രൂപയുടെ 7.8 ലക്ഷം വാഹനങ്ങളാണ്.

2. ജൂലായ് മുതൽ സെപ്‌തംബർ വരെ എട്ട് മുൻനിര നഗരങ്ങളിലെ ഭവന വില്പനയിൽ അഞ്ച് ശതമാനം ഇടിവുണ്ടായി. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ 25 ശതമാനവും കുറവുണ്ട്.

3. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം സെപ്തംബറിൽ മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.49 ശതമാനമായി ഉയർന്നു. ഇതോടെ ഈ വർഷം പലിശ കുറയാനുള്ള സാദ്ധ്യത മങ്ങി.

4. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഒക്ടോബറിൽ ഇതുവരെ 58,711 കോടി രൂപയാണ് പിൻവലിച്ചത്. ഇതോടെ സെൻസെക്സ് രണ്ടാഴ്‌ചയ്ക്കിടെ അയ്യായിരം പോയിന്റാണ് ഇടിഞ്ഞത്.

നിക്ഷേപകരുടെ നഷ്ടം

6 ലക്ഷം കോടി രൂപ