cricket

കി​വീസി​ന് എതി​രായ ആദ്യ ടെസ്റ്റി​ൽ ഇന്ത്യ 46 റൺസിന് ആൾഔട്ട്

സ്വന്തം മണ്ണിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടൽ

ടോസ് നേടി ബാറ്റിംഗിനിറങ്ങുന്ന ടീമിന്റെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടൽ

ബെംഗളുരു: കിവീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മഴയിൽ കുതിർന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഛിന്നഭിന്നമായി ഇന്ത്യൻ ടീം. ആദ്യ ദിനം മഴമൂലം നഷ്ടമായിരുന്ന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം വെറും 31.2 ഓവറിൽ 46 റൺസിന് ആൾഔട്ടാവുകയായിരുന്നു. സ്വന്തം നാട്ടിൽ കളിക്കുന്ന ഒരു ടെസ്റ്റിൽ ഇന്ത്യ പുറത്താകുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ കിവീസ് രണ്ടാം ദിനം കളിനിറുത്തുമ്പോൾ 180/3 എന്ന നിലയിലെത്തിയിട്ടുണ്ട്. ഇപ്പോൾതന്നെ സന്ദർശകർ 134 റൺസിന്റെ ലീഡ് നേടിക്കഴിഞ്ഞു.

മഴയിൽ പിച്ചിലെ ഈർപ്പത്തെക്കുറിച്ച് വലിയ മുൻകരുതൽ കൂടാതെ ഇറങ്ങിയ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെയാണ് ചിതറിത്തെറിച്ചത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും നാലുവിക്കറ്റ് വീഴ്ത്തിയ വില്യം ഒ റൂർക്കേയും ഒരു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തീയും ചേർന്നാണ് ഇന്ത്യയുടെ തൊലിയുരിച്ചത്. ഏഴാം ഓവറിൽ രോഹിതിന്റെ(2) കുറ്റിതെറുപ്പിച്ച് സൗത്തീയാണ് പ്രഹരം തുടങ്ങിയത്. ഒൻപതാം ഓവറിൽ വിരാടിനെ ഓ റൂർക്കേയും പത്താം ഓവറിൽ സർഫ്രറാസിനെ മാറ്റ് ഹെൻറിയും ഡക്കാക്കി മടക്കിയതോടെ ഇന്ത്യ 10/3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച യശസ്വി ജയ്സ്വാളും (13) റിഷഭ് പന്തും (20) അൽപ്പദൂരം മുന്നോട്ടുകൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. 21-ാം ഓവറിൽ ടീം സ്കോർ 31ൽ വച്ച് യശസ്വിയെ ഓ റൂർക്കേ അജാസ് പട്ടേലിന്റെ കയ്യിലെത്തിച്ചു. 16 റൺസ്കൂടി നേടുന്നതിനി‌ടെ അവസാന ആറുവിക്കറ്റുകൾ കടപുഴകി.

യശസ്വിക്ക് പിന്നാലെ കെ.എൽ രാഹുലിനെ ഒ റൂർക്കേയും രവീന്ദ്ര ജഡേജെ ഹെൻറിയും ഡക്കാക്കുകയായിരുന്നു. ജഡേജ പുറത്തായി തൊട്ടടുത്ത പന്തിൽ അശ്വിനും ഡക്കായി. ആകെ അഞ്ചുപേരാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഡക്കായത്. ടീം സ്കോർ 39ൽ വച്ച് റിഷഭിന്റെ പോരാട്ടം ഹെൻറി അവസാനിപ്പിച്ചു. 20 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. തുടർന്ന് ജസ്പ്രീത് ബുംറയെ (1) ഒ റൂർക്കേയും കുൽദീപ് യാദവിനെ(2) ഹെൻറിയും പുറത്താക്കി ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.

മറുപടിക്കിറങ്ങിയ കിവീസിന്റെ ഓപ്പണേഴ്സ് തന്നെ നിഷ്പ്രയാസം ഇന്ത്യൻ സ്കോർ മറികടന്നു. അവർ 67 റൺസിലെ ത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. 15 റൺസെടുത്ത നായകൻ ടോം ലതാമിനെ കുൽദീപ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ഡെവോൺ കോൺവേയ്‌യും(91) വിൽയംഗും (33)ചേർന്ന് 142 റൺസിലെത്തിച്ചു. യംഗിനെ ജഡേജയാണ് കുൽദീപിന്റെ കയ്യിലെത്തിച്ചത്. ടീം സ്കോർ 154ലെത്തിയപ്പോൾ അശ്വിൻ കോൺവേയ്‌യേയും മടക്കി. കളിനിറുത്തുമ്പോൾ 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ.