library

കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറണമല്ലോ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം ഏറിവരികയാണ്. കാലപ്പഴക്കത്താൽ പുസ്തകങ്ങൾ നശിച്ചു പോകാൻ സാദ്ധ്യതയുള്ളതിനാൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വായനശാലകൾ നവീകരിക്കണം. ഓഡിയോ ബുക്കുകളുടെയും കാലമാണല്ലോ. പഴയ ക്ളാസിക് സാഹിത്യകൃതികൾ അവയുടെ ശബ്ദരൂപത്തിൽ കേൾക്കുന്നതാകും പുതിയ തലമുറയ്ക്ക് കൂടുതൽ സൗകര്യം. പുസ്തക വായനയ്ക്കു പുറമെ വാർത്തകൾ അപ്ഡേറ്റ് ചെയ്ത് മനസിലാക്കാനാവുന്ന തരത്തിൽ ടിവി, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ലൈബ്രറികളിൽ സ്ഥാപിക്കണം. കാലാനുസൃതമായ സൗകര്യങ്ങൾ ഒരുക്കി യുവതലമുറയെ ആകർഷിക്കുന്ന തരത്തിലേക്ക് ഗ്രന്ഥശാലകളെ മാറ്റാൻ അധികൃതർ തയ്യാറാകണം. വായന ഒരു തുടർപ്രക്രിയയാണ്. അതിന് അവധിയില്ല. അവധി ദിനങ്ങളിലും ലൈബ്രറികൾ തുറന്നു പ്രവർത്തിപ്പിക്കത്തക്ക വിധം ലൈബ്രേറിയന്മാരുടെ ജോലിസമയം ക്രമീകരിക്കണം.

റോയ് വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി