
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിലെ പങ്ക് ആരോപിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ആണ് വാറണ്ട് പുറപ്പെടുവിച്ചത്. നവംബർ 18നകം ഹസീനയെ കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു. മുൻ മന്ത്രിമാർ അടക്കം മറ്റ് 45 പേർക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്. ഹസീന പ്രക്ഷോഭത്തിനിടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്ന് കോടതി ആരോപിച്ചു. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽ അഭയം തേടിയത്. ഹസീന ഇതേവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ജൂൺ - ആഗസ്റ്റ് കാലയളവിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.