pak-vs-eng

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ ജയത്തിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 36ന് രണ്ട് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാക് ക്രൗളി (3), ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി ബെന്‍ ഡക്കറ്റ് (0) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ഒലി പോപ്പ് (21*), ജോ റൂട്ട് (12*) എന്നിവരാണ് ക്രീസിലുള്ളത്. രണ്ട് ദിവസത്തെ കളി ശേഷിക്കെ എട്ട് വിക്കറ്റ് കൂടി മതി പാകിസ്ഥാന്. ആദ്യ ടെസ്റ്റിനും ഉപയോഗിച്ച പിച്ചായതിനാല്‍ ഇനിയുള്ള സമയം ബാറ്റിംഗ് കൂടുതല്‍ ദുഷ്‌കരമാകാനാണ് സാദ്ധ്യത.

നേരത്തെ 239ന് ആറ് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ട് 291 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സാജിദ് ഖാന്‍ ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. നൊമാന്‍ അലിക്ക് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. 75 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. 63 റണ്‍സെടുത്ത ആഗ സല്‍മാന്‍ ആണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ ഷൊയ്ബ് ബഷീര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാക് ലീച്ച് എന്നിവരാണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. ബ്രൈഡന്‍ കാര്‍സിന് രണ്ടും മാത്യു പോട്‌സിന് ഒരു വിക്കറ്റും ലഭിച്ചു.

സയീം അയൂബ് (22), ഷാന്‍ മസൂദ് (11), കമ്രാന്‍ ഗുലാം (26), സൗദ് ഷക്കീല്‍ (31) മുഹമ്മദ് റിസ്‌വാന്‍ (23), സാജിദ് ഖാന്‍ (22) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രധാന സംഭാവനകള്‍. അബ്ദുള്ള ഷഫീഖ് നാല് റണ്‍സ് നേടി പുറത്തായപ്പോള്‍ ആമിര്‍ ജമാലിന് ഒരു റണ്‍ മാത്രം നേടാനെ സാധിച്ചുള്ളൂ. മൂന്ന് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഇംഗ്ലണ്ട് ആണ് മുന്നില്. സൂപ്പര്‍താരങ്ങളായ മുന്‍ നായകന്‍ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്.