bjp

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നടി ഖുശ്ബുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ നടിയും ഉള്‍പ്പെട്ടുവെന്നാണ് വിവരം. ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് തങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. നാല് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.

നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായിട്ടാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കെതിരെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു എതിരാളിയെന്ന നിലയിലാണ് നടിയെ പരിഗണിക്കുന്നത്. സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ എന്ത് അഭിപ്രായം പറയുന്നു എന്നതിനെ കൂടി ആശ്രയിച്ച് മാത്രമായിരിക്കും അന്തിമ തീരുമാനം. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എ.പി അബ്ദുള്ളകുട്ടി, ഷോണ്‍ ജോര്‍ജ് എന്നീ പേരുകളും വയനാട്ടിലേക്ക് ബിജെപി സജീവമായി പരിഗണിക്കുന്നുണ്ട്. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

രാഹുല്‍ ഗാന്ധി മത്സരിച്ച പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2019ല്‍ ഘടകകക്ഷിയായ ബിഡിജെഎസ് മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് മത്സരിപ്പിച്ചത്. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നിന്ന് 1,41,045 വോട്ടുകള്‍ ലഭിച്ചിരുന്നു. 2019ല്‍ എന്‍ഡിഎക്ക് വെറും 78,816 വോട്ടുകള്‍ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം.

വയനാട് മണ്ഡലത്തിലെ 2024 പൊതുതിരഞ്ഞെടുപ്പിലെ വോട്ട് നില

രാഹുല്‍ ഗാന്ധി (യുഡിഎഫ്) 6,47,445
ആനി രാജ (എല്‍ഡിഎഫ്) 2,83,023
കെ സുരേന്ദ്രന്‍ (എന്‍ഡിഎ) 1,41,045

ഭൂരിപക്ഷം 3,64,422