
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യാ സിൻവാറിനെ (61) ഇസ്രയേൽ സൈന്യം വധിച്ചു. ബുധനാഴ്ച തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ഒരു കെട്ടിടത്തിലെ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ സിൻവാറായിരുന്നു.
ഈ മൃതദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇസ്രയേൽ സൈന്യം മൃതദേഹത്തിൽ നിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു.
1988മുതൽ 2011വരെ ഇസ്രയേലിൽ തടവിലായിരുന്ന സിൻവാറിന്റെ ഡി. എൻ. എ സാമ്പിൾ ഇസ്രയേലിന്റെ പക്കലുണ്ടായിരുന്നു. അതുമായി ഒത്തു നോക്കിയാണ് സ്ഥിരീകരിച്ചത്. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഒളിവിൽ പോയ സിൻവാറിനായി തെക്കൻ ഗാസയിൽ തെരച്ചിൽ നടന്നുവരികയായിരുന്നു.
സിൻവാറിന്റെയും കുടുംബാംഗങ്ങളുടെയും എന്ന് കരുതുന്ന ചിത്രം ഇസ്രയേൽ സൈന്യം ഹമാസിന്റെ തുരങ്കത്തിൽ കണ്ടെത്തിയിരുന്നു.
തല തകർന്ന്
മരണം
വെടിയുണ്ട തുളച്ച് തല തകർന്ന നിലയിലാണ് മൃതദേഹം. ശരീരമാസകലം മുറിവുണ്ട്. ഇടതു കണ്ണിന് മുകളിൽ സിൻവാറിനുള്ള മറുകാണ് സ്ഥിരീകരിക്കാൻ സഹായകമായത്. പുരികങ്ങൾക്കും പല്ലുകൾക്കും സാമ്യമുണ്ടായിരുന്നു. മൃതദേഹത്തിൽ മിലിട്ടറി പടച്ചട്ടയും ഗ്രനേഡുകളും.
ടോപ് ടാർജറ്റ്
1. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ സൂത്രധാരൻ.
2. പിന്നാലെ ഗാസ യുദ്ധം തുടങ്ങി
3. സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തു
തിരിച്ചടിച്ചെങ്കിലും...
റാഫയിലെ കെട്ടിടത്തിൽ മൂന്ന് ഹമാസ് പോരാളികൾ ഉണ്ടെന്ന് വിവരം
ഇസ്രയേൽ സൈന്യവും സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ചേർന്ന് ദൗത്യം
ബന്ദികളില്ലെന്ന് ഉറപ്പാക്കി വെടിവയ്പ്. പോരാളികൾ തിരിച്ചടിച്ചെങ്കിലും ഫലംകണ്ടില്ല
സൈന്യം കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ്, ഒരു മൃതദേഹത്തിന് സിൻവാറുമായി സാമ്യം കണ്ടത്
ഒറ്റ ഭീകരനെയും വെറുതെ വിടില്ല. തെരഞ്ഞ് പിടിച്ച് വധിക്കും.
- യോവ് ഗാലന്റ്,
പ്രതിരോധമന്ത്രി, ഇസ്രയേൽ