womens-cricket

ദുബായ് : വനിതാ ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക കന്നി ഫൈനലിനും യോഗ്യത നേടി. ഇന്നലെ ദുബായ്‌യിൽ നടന്ന സെമിയിൽ എട്ടുവിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ അട്ടിമറി വിജയം. ആറുവട്ടം കപ്പുയർത്തിയ ടീമാണ് ഓസ്ട്രേലിയ.

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 134/5എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 17.2ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്ടൻ ലോറ വാൾവാട്ട് (42),ഫസ്റ്റ് ഡൗൺ അന്നേകെ ബോഷ് (74 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകളാണ് ചേസിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.

18 റൺസ് എടുക്കുന്നതിനിടെ ഗ്രേസ് ഹാരിസിനെയും (3),വെയർഹാമിനെയും (5) നഷ്ടമായ ഓസീസിനെ കരകയറ്റിയത് 44 റൺസ് നേടിയ ബേത്ത് മൂണിയും 27 റൺസ് നേടിയ ക്യാപ്ടൻ തഹ്‌ലിയ മഗ്രാത്തും ചേർന്നാണ്. 50 റൺസാണ് ഇവർ മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ലോകകപ്പ് രണ്ടാം സെമി ഇന്ന്

ഷാർജ : ഐ.സി.സി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ന് ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. 2016ലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യ ട്വന്റി-20ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 20 ഓവറിൽ 141/7 എന്ന സ്കോർ ഉയർത്തിയപ്പോൾ വെസ്റ്റ് ഇൻഡീസ് 18 ഓവറിൽ 144/4ലെത്തിയതിനാൽ മികച്ച റൺറേറ്റ് സ്വന്തമാക്കാനായി. ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് എന്നിവർക്ക് ആറു പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. എന്നാൽ റൺറേറ്റിൽ ഒന്നാമത് വിൻഡീസും രണ്ടാമത് ദക്ഷിണാഫ്രിക്കയുമായിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ,പാകിസ്ഥാൻ,ശ്രീലങ്ക എന്നിവരെ തോൽപ്പിച്ചാണ് കിവീസ് സെമിയിലെത്തിയത്.