sports

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ അത് കോടികളുടെ കളിക്കളം കൂടിയാണ്. പ്രാദേശിക താരങ്ങള്‍ മുതല്‍ ദേശീയ ടീമിലെ അംഗങ്ങള്‍ വരെ ഇന്ത്യയില്‍ ക്രിക്കറ്റ് കളിയില്‍ നിന്ന് കോടികളുടെ വരുമാനമുണ്ടാക്കുന്നുണ്ട്. ഐപിഎല്ലില്‍ നിന്നും ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന് പുറമേ പരസ്യ വരുമാനവും താരങ്ങളുടെ കീശ വീര്‍പ്പിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് വിരാട് കൊഹ്ലി, എംഎസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍.

എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം മേല്‍പ്പറഞ്ഞ താരങ്ങളിലാരുമല്ല. ഇവരെക്കാളും വലിയ ബ്രാന്‍ഡ് ആരാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നാണ് സ്വാഭാവികമായും മനസ്സിലേക്ക് ആദ്യം ഉയരുന്ന ചോദ്യം. നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരവും പകുതി മലയാളിയുമായ അജയ് ജഡേജയാണ്. അതും ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജഡേജയെ തേടി ഈ അപൂര്‍വ നേട്ടം എത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് അജയ് ജഡേജയെ ജാംനഗറിലെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പ്രമുഖ നാട്ടുരാജ്യമായിരുന്നു പണ്ട് നവനഗര്‍ എന്നറിയപ്പെട്ടിരുന്ന ജാംനഗര്‍. ജാംനഗറിലെ നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ് സിന്‍ഹജിയാണ് ''ജാം സാഹിബ്' ആയി ജഡേജയെ പ്രഖ്യാപിച്ചത്. രാജാവായി പ്രഖ്യാപിച്ചതോടെ ജഡേജയുടെ ആസ്തിയും കുത്തനെ ഉയര്‍ന്നു. 1450 കോടി രൂപയാണ് മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ വരുമാനം. ഇക്കാര്യത്തില്‍ അദ്ദേഹം പിന്നിലാക്കിയതാകട്ടെ സാക്ഷാല്‍ വിരാട് കൊഹ്ലിയേയും. 1000 കോടിയാണ് കൊഹ്ലിയുടെ ആകെ ആസ്തി.

ജഡേജയുടെ അമ്മ ആലപ്പുഴ മുഹമ്മ സ്വദേശിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഗ്യാന്‍ബ അന്തരിച്ചത്. ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു നിലവില്‍ ജഡേജ. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ മെന്ററായും ഏകദിന ലോകകപ്പിന് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സല്‍ട്ടന്റായും ജഡേജ പ്രവര്‍ത്തിച്ചിട്ടുണ്ട്.