pic

ടെൽ അവീവ് : കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രയേൽ മണ്ണിൽ ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ തലച്ചോർ ആണ് 'ഗാസയിലെ ബിൻ ലാദൻ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹ്യാ സിൻവാർ. 1,139 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ തുടങ്ങിയ യുദ്ധത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 42,430 കടന്നു.

ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ 251 പേരിൽ 70 പേരും കൊല്ലപ്പെട്ടു. 64 പേരെ പറ്റി യാതൊരു വിവരവുമില്ല. ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ,​ ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ള തുടങ്ങി ഹിറ്റ്‌ലിസ്റ്റിലെ മിക്ക വമ്പൻമാരെയും ഇസ്രയേൽ ഇല്ലാതാക്കി.

സിൻവാർ കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ വെടിനിറുത്തലിന് തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. സിൻവാർ കൊല്ലപ്പെട്ട വാർത്ത വന്ന ഉടൻ തന്നെ ഇക്കാര്യമുന്നയിച്ച് ബന്ദികളുടെ കുടുംബം നെതന്യാഹു സർക്കാരിനെ സമീപിച്ചു. ഹമാസുമായി വെടിനിറുത്തൽ കരാറിലെത്തി എത്രയും വേഗം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

# ആരാണ് സിൻവാർ

 ജനനം - 1962 ഒക്ടോബർ 29ന് ഖാൻ യൂനിസ് അഭയാർത്ഥി ക്യാമ്പിൽ (ഗാസ അന്ന് ഈജിപ്ഷ്യൻ ഭരണത്തിൽ)

 ഗാസ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം

 ഹമാസ് നേതാവ് മുഹമ്മദ് സിൻവാർ സഹോദരൻ

 രണ്ട് ഇസ്രയേലി സൈനികരെയും നാല് പാലസ്തീനിനികളെയും തട്ടിക്കൊണ്ടുപോയി കൊന്നതിന് സിൻവാറിന് ഇസ്രയേൽ നാല് ജീവപര്യന്തം വിധിച്ചു. 22 വർഷത്തെ തടവിന് ശേഷം 2011ൽ പുറത്തിറങ്ങി. ഒരു ഇസ്രയേലി സൈനികനെ വച്ച് ഹമാസ് നടത്തിയ വിലപേശലിനെ തുടർന്നായിരുന്നു മോചനം

 2015ൽ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു

 2017 മുതൽ ഗാസയിലെ ഹമാസ് തലവൻ

 2021ൽ ഇസ്രയേലിന്റെ വധശ്രമം അതിജീവിച്ചു

 ഇറാനുമായി അടുത്ത ബന്ധം

 ജൂലായ് 31ന് ഇസ്മയിൽ ഹനിയേ ഇറാനിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഉന്നത പദവിയായ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു

 സെപ്തംബർ ആദ്യം,​ സിൻവാറിന്റെ പേരിലുള്ള രണ്ട് കത്തുകൾ ടെലിഗ്രാമിലൂടെ പുറത്തുവന്നെങ്കിലും ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല