yahiya

ഗാസ : ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹിയ സിൻവർ ആണോ എന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് ഡി.എൻ.എ പരിശോധന നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

ദേശീയ മാദ്ധ്യമങ്ങളിലുൾപ്പെടെ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവൻ ആയത്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹിയ സിൻവർ‌ ആയിരുന്നു. ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവർത്തിക്കുന്നത്.

അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോഴായിരുന്നു വ്യോമാക്രമണം. ആക്രമണത്തിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം ഉൾപ്പെടെ തകർന്നു. പ്രദേശത്തെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവ‌ർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർ‌ട്ടുകളുണ്ട്.