
കൊളംബോ: ഡ്യൂട്ടി സമയത്തിനിടയില്‍ വനിതാ പൈലറ്റ് ടോയ്‌ലറ്റില്‍ പോയത് കാരണം സഹപൈലറ്റ് പ്രകോപിതനായി. ഇതേത്തുടര്‍ന്ന് കോക്പിറ്റ് അടച്ച സഹപൈലറ്റ് വനിതാ പൈലറ്റിനെ മടങ്ങിയെത്തിയപ്പോള്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളിലാണ് സംഭവം അരങ്ങേറിയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തില്‍ നിന്ന് ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിലേക്ക് പറക്കുകയായിരുന്നു വിമാനം.
ശ്രീലങ്കക്കാരനായ പൈലറ്റാണ് പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റ് അടച്ചത്. 10 മണിക്കൂര്‍ നീണ്ട യാത്രയുള്ള വിമാനത്തില്‍, സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് കോക്ക്പിറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പകരക്കാരനെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതെ വനിതാ പൈലറ്റ് പുറത്തുപോയതോടെയാണ് സഹ പൈലറ്റ് പ്രകോപിതനായത്. ഇരുവരും തമ്മിലെ തര്‍ക്കത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ടു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ജീവനക്കാരുടെ ആരോഗ്യം, വിമാനത്തിന്റെ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിമാനത്തിനുള്ളില്‍ രണ്ട് പൈലറ്റ്മാരെ നിയോഗിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് വിമാനക്കമ്പനിയുടെ നിലപാട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനക്കമ്പനി അറിയിച്ചു. അതേസമയം വനിതാ പൈലറ്റിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റാതിരുന്ന ശ്രീലങ്കന്‍ സ്വദേശിയെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.