
കണ്ണൂർ: യാത്ര അയപ്പ് സമ്മേളനം കഴിഞ്ഞ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുപോയ നവീൻ ബാബു ആരെയെങ്കിലും കാണുകയോ സംസാരിക്കുയോ ചെയ്തിരുന്നോ എന്നറിയാൻ പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നു. യാത്ര അയപ്പ് സമ്മേളനം കഴിഞ്ഞ് ഓഫീസിലേക്കുപോയ അദ്ദേഹം 5.45 വരെ ഫയൽ നോക്കിയിരുന്നു. തുടർന്ന് ഡ്രൈവർ ഷംസുദ്ദീനെ വിളിച്ച് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടണമെന്നാവശ്യപ്പെട്ടു. നാട്ടിലേക്ക് പോകാനായി വസ്ത്രങ്ങൾ അടങ്ങിയ ബാഗും കൈയിൽ കരുതിയിരുന്നു. എന്നാൽ മുനീശ്വരൻ കോവിലിന് സമീപമെത്തിയപ്പോൾ ഒരു സുഹൃത്ത് വരാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഡ്രൈവർ എം.ഷംസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് ആദ്യം മഹസർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം ജില്ലാ കളക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
 നിയമ നടപടിയെടുക്കണം: പ്രവീൺ ബാബു
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.പി.ദിവ്യ രാജി വച്ചത് ചെറിയൊരു ആശ്വാസം മാത്രമാണെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം. ഇപ്പോൾ ഉള്ളത് രാഷ്ട്രീയ നടപടിയാണ്. നിയമ നടപടി എടുക്കുമ്പോഴാണ് സന്തോഷം. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഏത് പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.