പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർ പുലാക്കൽ വീട്ടിൽ കൃഷ്ണദാസിനെ(42) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. മങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.പ്രതാപ് അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.

2024-ൽ കാപ്പ 3 പ്രകാരം ശുപാർശ സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് കരുതൽ തടങ്കലിൽ പാർപ്പിക്കപ്പെട്ട് ജൂലൈയിൽ ജയിൽ മോചിനായതിന് ശേഷം, ആഗസ്റ്റിൽ തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പാലിയേക്കരയിൽ വെച്ച് വാണിജ്യ അളവിൽ (40 കിലോഗ്രാം) കഞ്ചാവ് കടത്തിക്കൊണ്ട് പോകുന്നതിനിടെ പിടിക്കപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ 3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. തൃശൂർ ജില്ലയിൽ പുതുക്കാട് പൊലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ മങ്കര, കോങ്ങാട് പൊലീസ് സ്റ്റേഷനുകളിലെയും, ആലത്തൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെയും, ക്രിമിനൽ കേസുകളിലെ പ്രതിയാണ്.