crime

കൊല്ലം: സ്വന്തമായി അച്ചടിച്ച കള്ളനോട്ടുമായി കടയിലെത്തി സാധനം വാങ്ങിയ ശേഷം മുങ്ങിയ പ്രതിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞില്ല. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദ് ആണ് പ്രതി. കുണ്ടറ പൊലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുണ്ടറയില്‍ കള്ളനോട്ടുമായെത്തി സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങളില്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്‍കി പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.4 കടകളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി അബ്ദുള്‍ റഷീദ് സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ രണ്ട് നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് കടക്കാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു.

നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പ് പലതവണ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായിട്ടാണ് ഇയാള്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു. കടകളില്‍ സ്വന്താമായി നിര്‍മിച്ച കള്ളനോട്ട് നല്‍കി സാധനം വാങ്ങിയ ശേഷം അതിന്റെ ബാക്കി തുക കൈപ്പറ്റിയാണ് ഇയാള്‍ പണം തട്ടുന്നത്. അധികം വൈകാതെ പ്രതി പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ ലാപ്‌ടോപ്പും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. പ്രതി വിവിധ കടകളിലെത്തി കള്ളനോട്ട് നല്‍കിയ സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.