
കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്ന് പി.പി. ദിവ്യ. വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു ദിവ്യ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നേതൃത്വം ദിവ്യയെ നീക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ദിവ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ മാനിക്കുന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പാർട്ടി നിലപാടിനെ ശരിവയ്ക്കുന്നുവെന്നും അവർ പറഞ്ഞു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കുന്നുവെന്നും ദിവ്യ വ്യക്തമാക്കി.
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മൂന്ന് ദിവസത്തിന് ശേഷമാണ്പി.പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.