
കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ ഒരുകോടി ഒരു ലക്ഷത്തി ആയിരത്തിയൊരുന്നുറ്റിയൻപത് രൂപയുടെ കള്ളപ്പണവുമായി അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് കായംകുളത്ത് വന്നിറങ്ങിയ നസീം (42), നിസാർ(44), റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാപൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പിടികുടിയത്. റെയിൽ, റോഡ് വഴി വൻതോതിൽ കുഴൽപ്പണം കേരളത്തിന്റെ വിവിധ ജില്ലകളിൽ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ല നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്കോഡ് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള കായംകുളം പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. കായംകുളം സി.ഐ അരുൺഷാ,എസ്. ഐ രതീഷ് ബാബു, എ. എസ്. ഐ പ്രിയ , ജയലക്ഷ്മി ,ജിജാദേവി, എസ്.സി.പി.ഒ അനൂപ്, സജീവ്, അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.