rsa-won

ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. ഒന്നാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റുകള്‍ക്കാണ് താലിയ മഗ്രാത്തിന്റെ ടീമിനെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി നാലാം കിരീടം തേടിയെത്തിയ ഓസ്‌ട്രേലിയക്കെതിരെയുള്ള വിജയം കഴിഞ്ഞ തവണത്തെ ഫൈനലിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ദക്ഷിണാഫ്രിക്കയ്ക്ക്. 16 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റുകളുടെ അനായാസ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

സ്‌കോര്‍: ഓസ്‌ട്രേലിയ 134-5 (20) | ദക്ഷിണാഫ്രിക്ക 135-2 (17.2)

135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആഫ്രിക്കന്‍ വനിതകള്‍ക്കായി അനീക് ബോഷ് 74*(48) നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അനായാസ ജയമൊരുക്കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 42(37) റണ്‍സ് നേടി. തസ്മീന്‍ ബ്രിറ്റ്‌സ് 15 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷ്‌ളോ ടൈറണ്‍ ഒരു റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബെത്ത് മൂണി 44(42) ടോപ് സ്‌കോററായി. താലിയ മഗ്രാത്ത് 27(33), എലീസ് പെറി 31(23), ഫീബ് ലിച്ച്ഫീല്‍ഡ് 16*(9) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗെ ഖാക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മറിസേന്‍ കേപ്, ലാബ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വനിതകളുടെ ട്വന്റി 20 ലോകകപ്പുകളില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഓസ്‌ട്രേലിയ കലാശക്കളിക്ക് യോഗ്യത നേടാതെ പുറത്താകുന്നത്. ഇതിനുമുമ്പ് നടന്ന എട്ട് എഡിഷനുകളില്‍ ആറ് തവണയും ജേതാക്കളായത് ഓസ്‌ട്രേലിയയാണ്. ഒരു തവണ റണ്ണറപ്പായിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അവര്‍ സെമിയില്‍ തോല്‍ക്കുന്നത്.