pic

ബ്യൂണസ് ഐറിസ്: ഇംഗ്ലീഷ് ഗായകനും പോപ് ബോയ് ബാൻഡായ 'വൺ ഡയറക്ഷനി"ലെ അംഗവുമായിരുന്ന ലിയാം പെയ്ൻ (31) ഹോട്ടൽ ബാൽക്കണിയിൽ നിന്ന് വീണുമരിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലായിരുന്നു സംഭവം.

മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ അക്രമാസക്തനായ ലിയാം അദ്ദേഹം തങ്ങിയ ഹോട്ടൽ മുറിയിലെ ടെലിവിഷൻ അടക്കമുള്ള വസ്തുക്കൾ തല്ലിത്തകർത്തിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ലിയാം മൂന്നാം നിലയിലുള്ള മുറിയുടെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണിരുന്നു.

മാരകമായി മുറിവേറ്റ ലിയാം തത്ക്ഷണം മരിച്ചു. ലിയാം ഏറെ നാളായി മാനസിക സംഘർഷം നേരിട്ടിരുന്നു. ഗായികയും ടെലിവിഷൻ താരവുമായ ഷെറിൽ മുൻ ജീവിത പങ്കാളിയാണ്. ഈ ബന്ധത്തിൽ ലിയാമിന് ഒരു മകനുണ്ട്.