hamsa


കൊല്ലം: തട്ടാമല ചിറവാശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളും മോഷണമുതൽ വാങ്ങി​യ ആളും പി​ടി​യി​ൽ. ഇരവിപുരം കയ്യാലക്കൽ ചേരിയിൽ വിളയിൽ വീട്ടിൽ ഹലീംഹംസയാണ് (38) മോഷണം നടത്തി​യത്. സാധനങ്ങൾ വാങ്ങിയ ഇരവിപുരം കയ്യാലക്കൽ ആസാദ് നഗർ- 161 ൽ കുളപ്പുറത്ത് പടിഞ്ഞാറ്റത്തിൽ ഷാജഹാനും (59) ഇരവിപുരം പൊലീസിന്റെ പിടിയിലായി​.

കഴിഞ്ഞ 11-ന് രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഓഫീസിൽ ഉണ്ടായിരുന്ന അഞ്ച് വലിയ നിലവിളക്കുകൾ, മൂന്ന് ഇടത്തരം നിലവിളക്കുകൾ, 17 ചെറിയ നിലവിളക്കുകൾ,ഒരു പൂജസെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ഫോൺകോളുകളുടെയും രേഖകളുുടെയും അടിസ്ഥാനത്തിൽ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മോഷ്ടിച്ച സാധനങ്ങൾ ഷാജഹാന്റെ കടയുടെ ഗോഡൗണിൽ നിന്നും കണ്ടെടുത്തു. ഇവർ ജില്ലയിലെ മറ്റിടങ്ങളിൽ മോഷണം നടത്തിയോ എന്നതുൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊല്ലം എ.സി.പി. എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം എസ്.എച്ച്.ഒ. ആർ. രാജീവ്, എസ്.ഐ. ജയേഷ്, ജി.എസ്.ഐ. നൗഷാദ്, സി.പി.ഒ.മാരായ അനീഷ്, സുമേഷ്, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.