
മോസ്കോ : റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിൽ സിംഹങ്ങളുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ സിംഹ പാർക്കുകളിൽ ഒന്നായ ടൈഗാൻ സഫാരി പാർക്കിലായിരുന്നു സംഭവം. ജീവനക്കാരി സുരക്ഷാ വാതിൽ അടയ്ക്കാതെ മൂന്ന് സിംഹങ്ങളുള്ള ഒരു കൂടിനുള്ളിൽ വൃത്തിയാക്കാൻ കയറിയതോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. മൃഗശാലയിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും സിംഹങ്ങൾ സ്ത്രീയുടെ ശരീരം വിവിധ ഭാഗങ്ങളായി കടിച്ചുകീറി കഴിഞ്ഞിരുന്നു. 2012ലാണ് 70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടൈഗാൻ സഫാരി പാർക്ക് സഞ്ചാരികൾക്കായി തുറന്നത്. മുമ്പ് ഇവിടെയൊരു സൈനിക ബേസായിരുന്നു. നിലവിൽ കടുവ അടക്കമുള്ള വന്യമൃഗങ്ങൾക്കൊപ്പം ഏകദേശം 60ഓളം ആഫ്രിക്കൻ സിംഹങ്ങൾ പാർക്കിലുണ്ട്. 2014ലാണ് യുക്രെയിന്റെ ഭാഗമായ ക്രൈമിയ ഉപദ്വീപിനെ റഷ്യ പിടിച്ചെടുത്തത്.