
പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി പി ദിവ്യയെ നീക്കിയതിൽ ഭാഗികമായ ആശ്വാസമുണ്ടെന്ന് ആത്മഹത്യ ചെയ്ത കെ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. അന്വേഷണം മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ മാറിയപ്പോൾ സ്വാധീനത്തിൽ ചെറിയ കുറവുണ്ടാകുമെന്ന ആശ്വാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ എ ഡി എം നവീൻ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ കണ്ടെത്തൽ. ഒരാഴ്ച കൊണ്ടാണ് എൻഒസി ഫയൽ തീർപ്പാക്കിയത്. ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി ആറ് പ്രവൃത്തി ദിവസത്തിനുള്ളിൽ എൻഒസി ഫയൽ നൽകി.
കഴിഞ്ഞ ഡിസംബറിലാണ് പ്രശാന്തൻ പെട്രോൾ പമ്പിന്റെ എൻഒസിക്കായി അപേക്ഷ നൽകിയത്. അന്ന് നവീൻ ബാബു ആയിരുന്നില്ല കണ്ണൂരിലെ എ ഡി എം. ഫെബ്രുവരിയിലാണ് അദ്ദേഹം എത്തിയത്. ആ മാസം 21ന് ചെങ്ങളായി പഞ്ചായത്തിൽ നിന്ന് അനുകൂല റിപ്പോർട്ട് വന്നു. തൊട്ടടുത്ത ദിവസം ജില്ലാ ഫയർ ഓഫീസറും ഇരുപത്തിയെട്ടാം തീയതി പൊലീസ് മേധാവിയും റിപ്പോർട്ട് നൽകി. മാർച്ച് 30, 31 തീയതികളിൽ തഹസിൽദാറും ജില്ലാ സപ്ലൈ ഓഫീസറും റിപ്പോർട്ട് നൽകി.
വളവുകളുള്ള ഭാഗമായതിനാൽ അപകടസാദ്ധ്യതയുണ്ടെന്നായിരുന്നു റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. തുടർന്ന് എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. സെപ്തംബർ 30നായിരുന്നു ആ റിപ്പോർട്ട് ലഭിച്ചത്. ഒക്‌ടോബർ ഒൻപതിന് എൻഒസി നൽകി. സെപ്തംബർ മുപ്പതിനും ഒക്‌ടോബർ ഒൻപതിനുമിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.