
ആലുവ: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലിയിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടിക്കൂടി. ആലുവ ചുണങ്ങുംവേലിയിൽ ഫിറ്റ്‌നെസ് സെന്റർ നടത്തുന്ന കൃഷ്ണ പ്രതാപാണ് പിടിയിലായത്. സാബിത്തിനെ കൊന്നശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണ പ്രതാപ്.
ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. എടത്തല പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.