
ഗാസ സിറ്റി: ഹമാസ് തലവനായ യഹ്യാ സിൻവാർ ഇസ്രയേൽ നടത്തിയ കടുത്ത ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം ഇസ്രയേലി സൈന്യം പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. തലയിൽ വെടിയേറ്റ് തകർന്ന നിലയിൽ കണ്ടെത്തിയ സിൻവാറിന്റെ മൃതദേഹം ഇസ്രയേൽ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലാണ്. യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാണ് സിൻവാർ എന്നാണ് ഇറാൻ അനുസ്‌മരിച്ചത്. അതേസമയം സിൻവാറിന്റെ മരണത്തോടെ ഇറാന്റെ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകർന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
2023 ഒക്‌ടോബറിൽ ഇസ്രയേലിൽ ഹമാസിന്റെ കടന്നാക്രമണത്തിനും തുടർന്ന് 1200 ഇസ്രയേൽ സ്വദേശികൾ മരിക്കാനിടയായ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു സിൻവാർ. അന്ന് 250 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. തുടർന്നാണ് ഇസ്രയേൽ കനത്ത പ്രത്യാക്രമണം തുടങ്ങിയത്. ഇസ്രയേൽ നാല് ലക്ഷം ഡോളർ തലയ്‌ക്ക് വിലപറഞ്ഞിട്ടുള്ളയാളാണ് യഹ്യാ സിൻവാർ. മാസങ്ങളോളം ഇസ്രയേലിന്റെ കനത്ത ആക്രമണങ്ങളെ ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ച് സിൻവാർ മറികടന്നിരുന്നു.
സിൻവാറിന്റെ മരണം ഇപ്പോൾ ഹമാസിൽ നേതൃത്വതലത്തിൽ ശൂന്യതയുണ്ടാക്കിയിട്ടുണ്ട്. ഗാസയിൽ പോരാട്ടം കനത്ത ഈ സമയത്ത് ആര് ഹമാസ് നേതൃത്വമേൽക്കും എന്നത് ഇനിയും വ്യക്തമായിട്ടില്ല. പ്രധാനമായും അഞ്ച് നേതാക്കളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മഹ്‌മൂദ് അൽ സഹർ: ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മഹ്‌മൂദ് അൽ സഹർ. കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിൽ പേരുകേട്ട ഇദ്ദേഹം ഇസ്രയേലിനെതിരെ സൈനിക നടപടിക്കും ഗാസയിലെ ഭരണത്തിനും നേതൃനിരയിൽ നിൽക്കുന്നുണ്ട്. 1992ലും 2003ലും അൽ സഹറിനെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. 2006ലെ പാലസ്‌തീനിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ആദ്യ വിദേശകാര്യ മന്ത്രിയായി. ഇദ്ദേഹം ഹമാസ് തലവനാകാൻ പ്രഥമ സാദ്ധ്യതയുള്ളയാളാണ്.
മുഹമ്മദ് സിൻവാർ: യഹ്യാ സിൻവാറിന്റെ സ്വന്തം അനുജനായ മുഹമ്മദ് സംഘടനാ തലപ്പത്തെത്തും എന്ന് കരുതുന്നവർ നിരവധിയാണ്. ഹമാസിന്റെ പോരാളികളുടെ നിരയിൽ ദീർഘനാളായി അംഗമാണ് 49കാരനായ മുഹമ്മദ്. യഹ്യായുടെ അതേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് പിൻതുടരുന്ന നേതാവാണ് മുഹമ്മദ്. ഇയാൾ തലവനായാൽ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകാൻ പ്രയാസമാണെന്നാണ് അമേരിക്ക കരുതുന്നത്.
മൗസ അബു മർസോക്: 1980കളിൽ പാലസ്‌തീനിയൻ മുസ്ളീം ബ്രദർഹുഡിൽ നിന്നും വിഘടിച്ച് ഹമാസ് രൂപീകരിക്കാൻ സഹായിച്ച നേതാക്കളിൽ ഒരാളാണ് അബു മർസോക്. ഹമാസിന്റെ ഉന്നതാധികാര സമിതിയിൽ അംഗമാണ്. 90കളിൽ അമേരിക്ക ഇയാളെ ജയിലിൽ അടച്ചിരുന്നു. പിന്നീട് നാടുകടത്തി ജോർദാനിലെത്തി. ഏറെനാളായി വിദേശത്താണെങ്കിലും പ്രത്യയശാസ്‌ത്രത്തിലെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് ഇയാളെ ഹമാസ് തലവനാകാൻ സഹായിച്ചേക്കും എന്ന് പറയപ്പെടുന്നു.
മുഹമ്മദ് ദെയ്‌ഫ്: ഹമാസ് സൈനികവിഭാഗ കമാന്ററായ മുഹമ്മദിന് ഇപ്പോൾ ഇസ്രയേലി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരിക്കാനോ ജീവൻ നഷ്‌ടമായിരിക്കാനോ ആണ് സാദ്ധ്യത എന്നാണ് വിവരം. എന്നാൽ ഇപ്പോഴും ഇയാൾ ജീവനോടെയുണ്ടെന്നാണ് ഓഗസ്‌റ്റ് മാസത്തിൽ പുറത്തുവന്നത്. ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ ഇയാൾ മുൻനിരയിലുണ്ടായിരുന്നു.
ഖലീൽ അൽ ഹയ്യ: ഖത്തറിൽ താമസിക്കുന്ന ഹമാസിന്റെ ഉന്നത നേതാവാണ് ഖലീൽ. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാൻ ഹമാസ് തയ്യാറായാൽ അൽ ഹയ്യ നേതാവായി വരുമെന്നാണ് സൂചന. 2014ൽ ഇസ്രയേലുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഇടയായത് അൽ ഹയ്യയുടെ നയതന്ത്ര ബുദ്ധിയാണെന്നാണ് വിവരം. 2007ൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കുടുംബാംഗങ്ങളെല്ലാം മരണപ്പെട്ടയാളാണ് ഖലീൽ.