guru

ചെമ്പഴന്തി കിഴക്കേ വയൽവാരം വീട്ടിൽ ഇക്കഴിഞ്ഞ വിജയദശമി നാളിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിന് ഇക്കുറി ഒരു അപൂർവതയുണ്ടായിരുന്നു! ശ്രീനാരായണഗുരു ആദ്യാക്ഷരം കുറിച്ച കിഴക്കേ വയൽവാരം വീട്ടിൽ,​ 1860-ാം ആണ്ടിൽ,​ നാലാം വയസിൽ ഗുരു ആദ്യാക്ഷരം കുറിച്ച അതേ എഴുത്തുപലകയിലായിരുന്നു ഇക്കുറി കുട്ടികളുടെ ഹരി ശ്രീ! ഇന്ന് ചെമ്പഴന്തിയിൽ കാണുന്ന വയൽവാരം വീടിനു സമീപത്താണ് കിഴക്കേ വയൽവാരം വീട്. അവിടെ അന്നുണ്ടായിരുന്ന കാരണവരും ഗുരുവിന്റെ ബന്ധുവും പണ്ഡിതനും വൈദ്യനും മഹാമാന്ത്രികനുമായിരുന്ന ശങ്കരൻ ചട്ടമ്പിയാണ് ഗുരുവിന് ആദ്യാക്ഷരം പകർന്നു കൊടുത്ത ആദ്യഗുരു.

ഈ ഭവനത്തിൽ ഇന്നും പൂജിക്കുന്ന ബാലഭദ്രാ ദേവിയുടെ പ്രതിഷ്ഠയ്ക്കു മുന്നിലാണ് ഗുരുവിനെ എഴുത്തിനിരുത്തിയത്. ഡോ. എസ്. ഓമന എഴുതിയ ' ഒരു മഹാഗുരു" എന്ന ഗ്രന്ഥത്തിൽ ഈ വിവരങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. നാനൂറോളം വർഷം പഴക്കമുള്ള ഈ ഭവനവും ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാലഭദ്രാ പ്രതിഷ്ഠയും വലിയ മാറ്റങ്ങൾ കൂടാതെ ഇന്നും നിലനിൽക്കുന്നു. ഗുരു ആദ്യാക്ഷരം കുറിച്ച പലക ഇന്നും കേടു കൂടാതെ ഈ ഭവനത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കിഴക്കേവയൽവാരം വീട്ടിലെ ഇപ്പോഴത്തെ കുടുംബാംഗങ്ങൾ ചേർന്നാണ് ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ ലളിതമായി ശങ്കരൻ ചട്ടമ്പിയുടെ ഭവനത്തിൽ സംഘടിപ്പിക്കാനും,​ അതിന് ഗുരു ആദ്യാക്ഷരം കുറിച്ച അതേ എഴുത്തുപലക ഉപയോഗിക്കാനും തീരുമാനിച്ചത്.

ഗുരുദേവന് അക്ഷരാമൃതം പകർന്ന ആദ്യഗുരു ശങ്കരൻ ചട്ടമ്പിയാണെങ്കിലും സ്വാമിയെ വിദ്യാരംഭം ചെയ്യിച്ചത് പാർവത്യകാരുദ്യോഗത്തിന്റെ പ്രൗഢിയും മറ്റു ദേശപ്രമാണിത്തവുമുള്ള ചെമ്പഴന്തി മൂത്തപിള്ള എന്നറിയപ്പെടുന്ന കണ്ണങ്കര ഭവനത്തിലെ കാരണവരായിരുന്നു. നാരായണപിള്ള എന്ന കണ്ണങ്കര മൂത്തപിള്ള മലയാളം അക്ഷരങ്ങൾ എഴുതി ചൊല്ലിച്ചു. അന്നത്തെ രീതി അനുസരിച്ച് സിദ്ധരൂപം, ബാലപ്രബോധനം, അമരം മുതലായ ബാലപാഠങ്ങൾ അങ്ങനെ ഹൃദിസ്ഥമാക്കി. മദ്ധ്യാഹ്നകാലത്തു വൃക്ഷങ്ങളുടെ തണലുകളിൽ പശുക്കൾ മേയുമ്പോൾ ഗുരു മരക്കൊമ്പുകളിൽ കയറിയിരുന്ന് ആകാശത്തെ നോക്കി മനോരാജ്യം ചെയ്യുകയും സംസ്‌കൃതപദ്യങ്ങൾ ഉരുവിട്ടു പഠിക്കുകയും ചെയ്തിരുന്നു.

ബാലനായ ഗുരുവിന്റെ ബുദ്ധിശക്തിയും സംസ്കൃതത്തിലുള്ള വ്യുത്പത്തിയും മനസിലാക്കിയ മാതുലൻ,​ നാണുവിനെ ഉപരിപഠനത്തിനായി കരുനാഗപ്പള്ളി താലൂക്കിൽ പുതുപ്പള്ളി കുമ്മംപള്ളിൽ രാമൻപിള്ള ആശാന്റെ അടുക്കലേക്ക് കൊണ്ടുപോവുകയായിരുന്നു. രാമൻപിള്ള ആശാൻ ഗുരുദേവനെ പഠിപ്പിച്ച ചേമണ്ണൂർ ചാവടിയും,​ അക്കാലത്ത് ഗുരു താമസിച്ച വാരണപ്പള്ളി തറവാടും ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യാക്ഷ‌ര വെളിച്ചത്തിൽ നിന്ന് നാണു സ്വയം ആത്മീയജ്ഞാനത്തിന്റെ സൂര്യകാന്തിയായി മാറുകയായിരുന്നു.