sankaran-nair

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളിയും ഇന്ത്യ കണ്ട പ്രശസ്‌തനായ അഭിഭാഷകനുമായ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്‌‌പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. സ്വാതന്ത്ര്യ സമര കാലത്തെ അതിദാരുണ സംഭവമായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്‌ക്കെതിരെ ശങ്കരൻ നായർ കോടതിയിൽ നടത്തിയ നിയമപോരാട്ടം സൂചിപ്പിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് അക്ഷയ് കുമാറാണ്. ഒപ്പം ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരുമുണ്ട്. 2025 മാർച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാക്കളായ ധർമ്മ പ്രൊഡക്ഷൻസ് അറിയിച്ചു. കരൺ ജോഹറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ധർമ്മ പ്രൊഡക്ഷൻസ്. 1897ലാണ് സി. ശങ്കരൻ നായർ കോൺഗ്രസ് അദ്ധ്യക്ഷനായത്.

ഇതുവരെ പേരിടാത്ത ചിത്രത്തിൽ നിയമവഴിയിലൂടെ ചേറ്റൂർ ശങ്കരൻ നായർ വൈസ്രോയിയോട് നടത്തിയ പോരാട്ടമാണ് പ്രമേയം. രഘു പാലാട്ട്, പുഷ്‌പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ 'ദ കേസ് ദാറ്റ് ഷുക്ക് ദ എംപയർ' എന്ന പുസ്‌തകത്തെ കൂടി ആധാരമാക്കിയുള്ളതാണ് ചിത്രം. ഹരിയാനയിലെ റെവാരി ജില്ലയിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്‌തിരുന്നു, റെവാരി റെയിൽവെ ‌സ്റ്റേഷൻ, റെയിൽവെ ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളായിരുന്നു ഇവിടെ ലൊക്കേഷൻ.

'ബ്രിട്ടീഷ് രാജിനെതിരെ ചേറ്റൂർ ശങ്കരൻനായർ നടത്തിയ കോടതി വഴിയുള്ള പോരാട്ടം ആസ്‌പദമാക്കി ഒരു ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.' ചിത്രത്തെക്കുറിച്ച് കരൺ ജോഹർ പ്രതികരിച്ചു. ചെങ്കോട്ടയിലടക്കം വിവിധ സ്ഥലങ്ങളിലും ചിത്രം ഷൂട്ട് ചെയ്‌തതായാണ് വിവരം.