uae

അബുദാബി: യുഎഇയിൽ മരുഭൂമിയിലെ ക്യാമ്പിംഗ് സീസണ് (desert camping season) തുടക്കമാവുകയാണ്. പ്രവാസികൾക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് സുഖശീതളമായ കാലാവസ്ഥയിൽ മരുഭൂമികളിൽ രാപാർക്കാൻ എത്തുന്നത്. ഇത്തരക്കാർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുഎഇ അധികൃതർ. നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ വൻ പിഴയൊടുക്കേണ്ടിയും വരും. ക്യാമ്പിംഗ് സീസണിൽ എത്തുവർ പാലിക്കേണ്ട മുൻകരുതലുകൾ ഏതെല്ലാമാണെന്നും അവ ലംഘിച്ചാൽ ഒടുക്കേണ്ടിവരുന്ന പിഴയെക്കുറിച്ചും മുന്നറിയിപ്പിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്നുലക്ഷം രൂപവരെയാണ് നിയമലംഘനങ്ങൾക്ക് പിഴയടക്കേണ്ടിവരിക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ നിയമലംഘനങ്ങൾ കണ്ണിമചിമ്മാതെ അധികൃതർ നോക്കിയിരിക്കുന്നുണ്ടെന്നും അറിയുക.

ചെയ്യരുതാത്തവ

ചെടികൾക്ക് കേടുപാടുകൾ വരുത്തതരുത്. അവയുടെ ഭാഗങ്ങൾ ഉപയോഗിച്ച് തീ കത്തിക്കുകയും അരുത്.

നിലത്ത് തീ കത്തിച്ച് ഭക്ഷണം പാകം ചെയ്യാൻ പാടില്ല.

തടാകങ്ങളിലെയും മറ്റുജലാശയങ്ങളിലെയും മീനുകൾക്കും പക്ഷികൾക്കും ഭക്ഷണം നൽകരുത്.

തടാകങ്ങളിലും ജലാശയങ്ങളിലും നീന്തരുത്.

മരുഭൂമിയിൽ മാലിന്യം വലിച്ചെറിയരുത്. മാലിന്യം പ്രത്യേക സഞ്ചികളിലാക്കി അനുവദനീയമായ ഇടങ്ങളിൽ മാത്രം ഉപേക്ഷിക്കുക.

മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒരിക്കലും ഉച്ചത്തിൽ പാട്ടുവയ്ക്കരുത്.

ക്യാമ്പിംഗിന് അധികൃതർ അനുവദിക്കുന്ന സ്ഥലങ്ങളിൽ മാത്രം ടെന്റുകെട്ടണം. പല ബീച്ചുകളിലും ക്യാമ്പിംഗ് നിരോധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക.

ക്യാമ്പിംഗിനായി എത്തുന്നവർ കൊണ്ടുവരുന്ന വാഹനങ്ങളിൽ ഇന്ധനച്ചോർച്ച ഇല്ലെന്ന് ഉറപ്പാക്കുക.

ക്യാമ്പിംഗ് നടക്കുന്ന പ്രദേശങ്ങളിൽ നിന്നോ സമീപ പ്രദേശങ്ങളിൽ നിന്നോ പുല്ല്, മണൽ എന്നിവ നീക്കം ചെയ്യാൻ പാടില്ല.

സംരക്ഷിത പ്രദേശങ്ങളിൽ പ്രവേശിക്കാൻ പാടില്ല. ഇത്തരം പ്രദേശങ്ങളിൽ നിന്ന് വേട്ടയാടുന്നത് ഗുരുതര കുറ്റമായി കണക്കാക്കും.

തെറ്റായി പാർക്കുചെയ്യാനോ, രാജ്യത്തെ ഗതാഗത നിമയങ്ങൾ ലംഘിക്കാനോ പാടില്ല. സിറ്റിയിലായാലും മരുഭൂമിയിലായാലും ഗാതഗത നിമയങ്ങൾ ഉറപ്പായും പാലിക്കണം.

നിലവിലെ നിമയത്തെക്കുറിച്ച് അറിയില്ല എന്നത് പിഴശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണമല്ല.

ഞെട്ടിക്കുന്ന പിഴ

ഷാർജയിൽ മാലിന്യം തളളിയാൽ 2,000 ദിർഹം; ദുബായിലും റാസൽഖൈമയിലും 500 ദിർഹം.

ഷാർജയിലും ഫുജൈറയിലും അനധികൃത സ്ഥലങ്ങളിൽ ക്യാമ്പ് നടത്തിയാൽ 2,000 ദിർഹം

നിലത്ത് തീ കത്തിച്ചാൽ 2,000 ദിർഹം.

നിലത്ത് പാചകം ചെയ്താൽ 2,000 ദിർഹം

മരുഭൂമിയിൽ വാഹനങ്ങളിൽ നിന്നുള്ള എണ്ണ ചോർച്ചയ്ക്ക് 2,000 ദിർഹം

ബീച്ചുകൾ, ഗ്രീൻ ഏരിയകൾ, പാർക്കുകൾ എന്നിവ പോലുള്ള നിയുക്ത സ്ഥലങ്ങളിൽ ബാർബിക്യൂവിംഗിനും ഗ്രില്ലിംഗും ചെയ്യുന്നത് 500 . ദിർഹം.

പുല്ല് നീക്കം ചെയ്യുക, മരങ്ങൾ മുറിക്കുക, ഒരു പ്രദേശത്ത് നിന്ന് മണൽ നീക്കം ചെയ്യുക തുടങ്ങിയവപോലുള്ള പാരിസ്ഥിതിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. 10,000 ദിർഹം.

സംരക്ഷിത പ്രദേശങ്ങളിൽ അനുമതിയില്ലാതെ പ്രവേശിച്ചാൽ 5,000 ദിർഹം

സംരക്ഷിത പ്രദേശത്തിനുള്ളിൽ വേട്ടയാടിയാൽ 15,000 .ദിർഹം

തെറ്റായി പാർക്ക് ചെയ്യുകയോ, ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ 1,000 ദിർഹം