
സ്വന്തമായി ഒരു വാഹനം എന്ന ആഗ്രഹം മിക്കവർക്കും ഉള്ളതാണ്. പലരും ആദ്യമായി സ്വന്തമാക്കുന്ന വാഹനം സ്‌കൂട്ടറോ, ബൈക്കോ അടക്കം ഏതെങ്കിലും ഇരുചക്ര വാഹനമാകാം. പുതിയ വാഹനം വാങ്ങി ദിവസങ്ങളോളം തുടച്ചുമിനുക്കി മാത്രം ഓടിക്കുന്നത് മിക്ക മലയാളികളുടെയും ശീലവുമാണ്. എന്നാൽ പുതിയതെന്നോ പഴയതെന്നോ ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ നമ്മൾ പലരും ചെയ്യുന്ന ഒരു കാര്യം വാഹനത്തിന് അത്ര നന്നല്ല.
ഏറെനേരം ഓഫ് ചെയ്‌തിട്ട ശേഷം സ്‌റ്റാർട്ട് ചെയ്യുമ്പോഴത്തെ കാര്യമാണ് പറഞ്ഞത്. പുതിയ വാഹനങ്ങളിൽ സൗകര്യമുള്ളതിനാൽ പലരും ഇരുചക്രവാഹനം സെൽഫ് സ്‌റ്റാർട്ട് ചെയ്യുകയാണ് പതിവ്. എന്നാൽ ഇത് ഇരുചക്ര വാഹനത്തിന് അത്ര നന്നല്ല. കിക്ക് സ്‌റ്റാർട്ടാണ് നല്ലത്. കിക്ക് സ്‌റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് ക്രാംഗ് ഷാഫ്‌റ്റിനെ ചലിപ്പിക്കുന്നു അതുവഴി പിസ്‌റ്റൺ തള്ളുകയും ഘർഷണം ഉണ്ടാകുകയും ചെയ്യും ഇത് വായുവിനെയും ഇന്ധനത്തിനെയും കൃത്യമായി അളവിൽ ചേർന്ന് വാഹനം സ്‌റ്റാർട്ടാകാൻ സഹായിക്കുന്നു.ഏറെ സമയം ഓഫായിരുന്ന ശേഷം പലപ്പോഴും രാവിലെ ആദ്യമായി വാഹനം സ്‌റ്റാർട്ട് ചെയ്യുന്ന കോൾഡ് സ്‌റ്റാർട്ട് പ്രക്രിയയിൽ വാഹനത്തിന്റെ സെൽഫ് സ്റ്റാർട്ട് മോട്ടോർ കൂടുതൽ വൈദ്യുതിയെടുത്ത് സ്‌റ്റാർട്ട് ചെയ്യേണ്ടി വരുന്നു. ഇത് മോട്ടോറിനും വാഹനത്തിന്റെ ബാറ്ററിക്കും കേടാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.
രാത്രിയിൽ വാഹനം നിർത്തുമ്പോൾ ആ സമയത്തെ അന്തരീക്ഷം തണുത്തതാണ്, പുലർച്ചെ വാഹനം എടുക്കുന്നതുവരെ വാഹനം തണുത്താകും ഇരിക്കുക. ഇതിനാൽ കോൾഡ് സ്റ്റാർട്ട് ചെയ്യുമ്പോൾ കിക്ക് സ്റ്റാർട്ട് ചെയ്യുന്നത് തന്നെയാണ് വാഹനത്തിന്റെ ആയുസിന് നല്ലത്. ഇപ്പോൾ പുതുതായി ഇറങ്ങുന്ന പല വാഹനങ്ങളിലും കിക്ക് സ്‌റ്റാർട്ട് ഓപ്‌ഷൻ ഇല്ല എന്ന പ്രശ്‌നം വരുന്നുണ്ട്. ഇവയിൽ ക്രമീകരിച്ചിരിക്കുന്ന ബാറ്ററി ഈ പ്രശ്‌നങ്ങളെ ഒരു പരിധിവരെ തടയും. ഇവ ബൈക്കിന്റെ എഞ്ചിനെ സ്റ്റാൻഡ്‌ബൈ മോഡിലേക്ക് എളുപ്പം എത്താൻ അനുവദിക്കാത്തതാണ് കാരണം. ഇതുവഴി ഏത് സമയത്തും പെട്ടെന്ന് തന്നെ വാഹനം സ്റ്റാർട്ടാക്കാൻ കഴിയും.