d

മുംബയ്: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി വേണമെന്നും ഇല്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബാ സിദ്ദിഖിയെക്കാൾ മോശം അവസ്ഥയാകുമെന്ന് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം മുംബയ് ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത തീർക്കാനാണ് പണം ആവശ്യപ്പെട്ടത്. ഇത് നിസാരമായി കാണരുത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സൽമാൻ അഞ്ച് കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമാകും"- എന്നായിരുന്നു സന്ദേശം.

ബിഷ്‌ണോയിയുടെ സംഘാംഗമാണ് സന്ദേശം അയച്ചതെന്നാണ് കരുതുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും

സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സൽമാനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന പങ്കുള്ള ബിഷ്ണോയി സംഘത്തിലെ പ്രധാനിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് സുഖ്ബീർ ബൽബീർ സിംഗ് എന്നയാളെ പിടികൂടിയത്. സൽമാനെ വധിക്കാൻ 25 ലക്ഷത്തിന്റെ കരാറാണ് ബിഷ്ണോയ് സംഘം നൽകിയതെന്ന് കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

സൽമാന്റെ അടുത്ത സുഹൃത്തായിരുന്ന ബാബാ സിദ്ദിഖി (66) കഴിഞ്ഞ12നാണ് മുംബയ് ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്. പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സൽമാനുമായി അടുപ്പമുള്ളവരെയും വധിക്കുമെന്ന് ബിഷ്ണോയ് സംഘം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറച്ചുനാളുകളായി ബിഷ്‌ണോയ് സംഘത്തിൽനിന്ന് സൽമാന് നിരന്തര ഭീഷണിയാണുള്ളത്. ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാന്റെ വസതിക്കുനേരെരണ്ട് അക്രമികൾ വെടിയുതിർത്തിരുന്നു. സൽമാന് കേന്ദ്ര സർക്കാർ വൈ പ്ലസ് സുരക്ഷ അനുവദിച്ചു. വസതിക്കു പുറത്ത് കനത്ത പൊലീസ് വിന്യാസവും ഏർപ്പെടുത്തി. എ.ഐ അധിഷ്ഠിതമായ ഉയർന്ന റെസല്യൂഷനിലുള്ള സി.സി ടി.വി ക്യാമറകളുൾപ്പെടെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.