cricket

മുൾട്ടാൻ: മൂന്നര വർഷത്തിലേറെ നീണ്ട അപമാനത്തിന് ഒടുവിൽ പരിഹാരമായി. സ്വന്തം മണ്ണിൽ ഒരു ടെസ്‌റ്റ് ജയിക്കാൻ പാകിസ്ഥാനായി. 38കാരൻ നൗമൻ അലിയും സാജിദ് ഖാനും തൊടുത്തുവിട്ട സ്‌പിൻ ബോളുകൾ ഇംഗ്ളണ്ട് ബാറ്റർമാരെ വല്ലാതെ കുഴച്ചു. ഒടുവിൽ പാക് വിജയം 152 റൺസിന്.

രണ്ടാം ഇന്നിംഗ്‌സിൽ 221 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ താരതമ്യേന പ്രാപ്യമായ 297 റൺസ് വിജയലക്ഷ്യം മാത്രമേ ഇംഗ്ളണ്ടിന് മുന്നിൽ വച്ചുള്ളൂ. ബാസ്‌‌ബോൾ കളിയുടെ കേമന്മാരായ ഇംഗ്ളണ്ട് ടീമിന് പക്ഷെ മുൾട്ടാനിലെ പിച്ചിൽ നാലാം ദിനം ആ വീര്യം കാണിക്കാനായില്ല. ഇടംകൈ സ്‌പിന്നറായ നൗമൻ അലിയുടെ പന്തുകൾ അക്ഷരാർത്ഥത്തിൽ ഇംഗ്ളണ്ട് പടയെ ബുദ്ധിമുട്ടിച്ചു. നായകൻ ബെൻ സ്‌റ്റോക്‌സിന് (36 പന്തിൽ 37) മാത്രമേ അൽപമെങ്കിലും പിടിച്ചുനിൽക്കാനായുള്ളൂ. ബ്രൈഡൺ കാർസ് 27 റൺസ് നേടി പുറത്തായി. ഇരുവരെയും നൗമൻ അലിയാണ് പുറത്താക്കിയത്. ഒലി പോപ്പ് 22 റൺസ് നേടി. ആകെ 33 ഓവർ ബാറ്റ് ചെയ്‌ത ഇംഗ്ളണ്ട് ബാറ്റർമാർ 144 റൺസിന് എല്ലാവരും പുറത്തായി. 46 റൺസ് വഴങ്ങിയ നൗമൻ എട്ട് വിക്കറ്റുകൾ വീഴ്‌ത്തി. സാജിദ് ഖാൻ 93 റൺസ് വഴങ്ങി രണ്ട് വിക്കറ്റ‌ുകൾ വീഴ്‌ത്തി.

ആദ്യ ഇന്നിംഗ്‌സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വീതം ആകെ ഒൻപത് വിക്കറ്റുകൾ വീഴ്‌ത്തിയ സാജിദ് ഖാനാണ് പ്ളെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് പാകിസ്ഥാൻ സമനിലയിൽ എത്തിച്ചു. 2021ലായിരുന്നു ഇതിനുമുൻപ് പാകിസ്ഥാൻ സ്വന്തം നാട്ടിൽ ഒരു ടെസ്‌റ്റ് വിജയിച്ചത്. അവസാനമായി ബംഗ്ളാദേശ് പരമ്പരയിലും പാക് പട 2-0നാണ് പരാജയപ്പെട്ടത്.