
സംസ്ഥാനത്ത് ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ വ്യാപകമാക്കണം. എവിടെയെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ മാത്രമാണ് സാധാരണയായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ വ്യാപകവും കർക്കശവുമാകുന്നത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിൽ ഉദ്യോഗസ്ഥരുടെ കുറവാണ് തടസമെങ്കിൽ അക്കാര്യം സർക്കാർ അടിയന്തരമായി പരിഗണിച്ച് നിയമനങ്ങൾ നടത്തണം. പലയിടങ്ങളിലും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം വിളമ്പുന്നതെങ്കിലും, ഭക്ഷണം തയ്യാറാക്കുന്ന അടുക്കളകളിൽ അത്ര വൃത്തി കാണാറില്ല. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. വഴിയോരങ്ങളിൽ ഉൾപ്പെടെ വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കണം.
ജോയി
കടമ്പനാട്
ആരോഗ്യം കളഞ്ഞ്
ജീവിതമോ?
കോർപ്പറേറ്റ് കമ്പനിയിലെ അമിത ജോലിഭാരം ഏൽപ്പിച്ച സമ്മർദ്ദം കാരണം മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നതാണ്. കോർപ്പറേറ്റ് കമ്പനികൾ കൂടുതൽ ലാഭം നേടിയെടുക്കാനായി തൊഴിലാളികൾക്കു മേൽ സമ്മർദ്ദം അടിച്ചേൽപ്പിക്കുകയാണ്. കോർപ്പറേറ്റ് മേഖലയിൽ തൊഴിലെടുക്കുന്ന 70 ശതമാനത്തോളം ആളുകളും ജോലി സമ്മർദ്ദങ്ങളാൽ വീർപ്പുമുട്ടുന്നുണ്ട് എന്നതാണ് യാഥാർഥ്യം. തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ആരും പുറത്തു പറയുന്നില്ല. ഇത്തരം പ്രശ്നങ്ങളിൽ നടപടിയെടുക്കേണ്ടത് ഭരണകൂടമാണ്. ആളുകളുടെ അമിത ജോലിഭാരം കുറയ്ക്കാനും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും യുവതലമുറയെ മാനസികമായും ശാരീരികമായും പൂർണ ആരോഗ്യമുള്ളവരായി നിലനിറുത്താനുമുള്ള ബാദ്ധ്യത ഭരണ കൂടത്തിനുണ്ട്. അതിനപ്പുറം, മെച്ചപ്പെട്ട അന്തരീക്ഷത്തിൽ പുതിയ തൊഴിൽ സംസ്കാരം സൃഷ്ടിക്കാനും ഭരണകൂടം തയ്യാറാവണം.
സുരേഷ്
കാലടി