
ആലപ്പുഴ: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയില്‍. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കുഴല്‍പ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്ന് 1,10,01,150 രൂപയുടെ കള്ളപ്പണമാണ് കായംകുളം പൊലീസ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാര്‍ എന്നവരാണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗവും റോഡ് വഴിയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വന്‍ തോതില്‍ കുഴല്‍പ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പരിശോധന.
പിടിയിലായ പ്രതികള്‍ പലതവണ കള്ളപ്പണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്നാല്‍ ഇത് ആദ്യമായാണ് സംഘം പിടിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവരാണ് പ്രതികള്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ കള്ളപ്പണം കടത്തുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മാസത്തില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പോയി വന്‍തോതില്‍ കള്ളപ്പണം സംസ്ഥനത്തേക്ക് കടത്തിക്കൊണ്ടുവരുന്നതാണ് പ്രതികളുടെ രീതി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്‍, ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ, എസ്.ഐ. രതീഷ് ബാബു എന്നിവരും ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.