
ന്യൂസിലാൻഡിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ, രചിന് സെഞ്ച്വറി, ഇന്ത്യ പൊരുതുന്നു
ബംഗളൂരു: രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടേയും ടീം സൗത്തി, ഡെവോൺ കോൺവെ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ മികച്ച ഒന്നാം ഇന്നംഗ്സ് സ്കോർ നേടിയ ന്യൂസിലാൻഡിനെതിരെ ഇന്ത്യ പൊരുതുന്നു. ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് ഓൾഔട്ടാക്കിയ ന്യൂസിലാൻഡ്ഒന്നാം ഇന്നിംഗ്സിൽ 402 റൺസാണ് നേടിയത്.
 356 റൺസിന്റെ ലീഡ് വഴങ്ങിരണ്ടാംഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാം  ദിനമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 231/3 എന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്നലത്തെ അവസാന പന്തിൽ വിരാട് കൊഹ്ലിയെ (70) നഷ്ടമായത് ഇന്ത്യയ്ക്ക് നിർഭാഗ്യമായി.7 വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലാൻഡിനെക്കാൾ 125 റൺസ് പിന്നിലാണ് ഇന്ത്യ.
രചിൻ ചരിതം
ബംഗളൂരുവിലെ ചിന്നസ്വാമിയിൽ 180/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലാൻഡിന് 15 ഓവറിനിടെ 4 വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയുടേയും (134), വാലറ്റത്തെ ടിം സൗത്തിയുടേയും (65) ബാറ്റിംഗ് മികവിൽ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. എട്ടാം വിക്കറ്റിൽ രചിനും സൗത്തിയും 132 പന്തിൽ 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.  223/7 എന്ന നിലയിലാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. ഇന്ത്യൻ സ്പിൻ ആക്രമണത്തെ സമർത്ഥമായി നേരിട്ട ഈ കൂട്ടുകെട്ട് പൊളിയുന്നത് ന്യൂസിലാൻഡ് 370ൽ എത്തിയപ്പോഴാണ്. സൗത്തിയെ രവീന്ദ്ര ജഡേജയുടെ കൈയിൽ എത്തിച്ച് മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 73 പന്ത് നേരിട്ട സൗത്തിയുടെ ബാറ്റിൽ നിന്ന് 4 സിക്സും 5 ഫോറും അതിർത്തിയിലേക്ക് പറന്നു. പിന്നീടെത്തിയ അജാസ് പട്ടേലിനേയം (4), റൂർക്കിയേയും (നോട്ടൗട്ട്) ഒരറ്റത്ത് നിറുത്തി രചിൻ കിവിസ്കോർ 400 കടത്തി. രചിനെ പുറത്താക്കി കുൽദീപ് യാദവാണ് കിവീസിന്റെ ഇന്നിഗ്സിന് തിരശീലയിട്ടത്. ഇന്ത്യയ്ക്കായി  ജഡേജയും കുൽദീപും 3 ഉം സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഇന്ത്യൻ മറുപടി
വെറും 46 റൺസിന് ഒന്നാം ഇന്നിംഗ്സിൽ തകർന്നടിഞ്ഞ ഇന്ത്യയെയല്ല രണ്ടാം ഇന്നിംഗ്സിൽ കണ്ടത്. ഇന്നലെ 49 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ക്യാപ്ടൻ രോഹിത് ശർമ്മ (52), വിരാട് കൊഹ്ലി (70), സർഫ്രാസ് ഖാൻ (പുറത്താകാതെ 70) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. യശ്വസി ജയ്സ്വാളും (35) രോഹിതും ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ പുറത്താക്കി അജാസാണ് കൂട്ടുകെട്ട് പൊളിച്ചത്. 
അധികം വൈകാതെ രോഹിതും ദൗർഭാഗ്യകരമായി ഔട്ടായി. അജാസ് ഓഫ് സ്റ്റമ്പ് ലൈനിൽ എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ടിൽ രോഹിത് പ്രതിരോധിച്ചെങ്കിലും ഇൻസൈഡ് എഡ്ജായി കാലിന്റെയും ബാറ്റിന്റെയും ഇടയിലൂടെ സ്റ്റമ്പിൽ കൊള്ളുകയായികരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച കൊഹ്ലിയും സർഫ്രാസും മൂന്നാം വിക്കറ്റിൽ 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കാത്തു. തുടക്കം മുതൽ സ്ട്രോക്ക് പ്ലേ പുറത്തെടുത്ത സർഫ്രാസ് 7 ഫോറും 3 സിക്സും നേടി. കൊഹലിയുടെഇന്നിംഗ്സിൽ 8ഫോറും 1 സിക്സും ഉൾപ്പെടുന്നു. ഇന്നലത്തെ അവസാന പന്തിൽ ഫിലിപ്പ്സ് കൊഹ്ലിയെ വിക്കറ്റ് കീപ്പർ ബ്ലൻഡലിന്റെ കൈയിൽ ഒതുക്കികിവീസിന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു.
കളിയിലെ  കാര്യങ്ങൾ
453-റൺസാണ് ഇരുടീമും കൂടി ഇന്നലെ ചിന്നസ്വാമിയിൽ നേടിയത്. ഇന്ത്യയിൽ അന്താരാഷ്ട്ര ടെസ്റ്റിൽ ഒരുദിവസം ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി മൂന്നാം ദിനത്തിലെ റണ്ണൊഴുക്കിന്റെ പിൻബലത്തിൽ ഈടെസ്റ്റ്.
4- ഇന്നലത്തെ ഇന്നിംഗ്സിനിടെ ടെസ്റ്റിൽ 9000 റൺസ് തികച്ച് വിരാട് കൊഹ്ലി. 9000 റൺസ് ടെസ്റ്റിൽ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കൊഹ്ലി. ഈ ടെസ്റ്റിൽ മൂന്നാമനായാണ് കൊഹ്ലി ബാറ്റിംഗിനിറങ്ങുന്നത്. 8 വർഷത്തിന് ശേഷമാണ് കൊഹ്ലി ടെസ്റ്റിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്നത്.
12- നാട്ടിൽ പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഇരുന്നൂറോ അതിൽ കൂടുതലോ റൺസിന്റെ ലീഡ് വഴങ്ങുന്നത്.
രചിൻ രവീന്ദ്രയുടെ മാതാപിതാക്കൾ ബംഗളൂരു സ്വദേശികളാണ്. 1997ലാണ് രചിന്റെ കുടുംബം ന്യൂസിലാൻഡിൽ സ്ഥിരതാമസമാക്കുന്നത്.