
ഷാര്‍ജ: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക - ന്യൂസിലാന്‍ഡ് ഫൈനല്‍. രണ്ടാം സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം കലാശപ്പോരിന് യോഗ്യത ഉറപ്പിച്ചത്. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് വനിതകളുടെ പോരാട്ടം 120 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഡിയാന്‍ഡ്ര ഡോട്ടിന്‍ തിളങ്ങിയെങ്കിലും 2016ലെ ചാമ്പ്യന്‍മാരെ ജയത്തിലേക്ക് നയിക്കാന്‍ അത് മതിയാകുമായിരുന്നില്ല.
സ്‌കോര്‍: ന്യൂസിലാന്‍ഡ് 128-9 (20) | വെസ്റ്റിന്‍ഡീസ് 120-8 (20)
129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ റണ്‍നിരക്ക് ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും ന്യൂസിലാന്‍ഡ് അനുവദിച്ചില്ല. ഒരോവറില്‍ അടിച്ച മൂന്ന് സിക്‌സറുകള്‍ സഹിതം 22 പന്തുകളില്‍ 33 റണ്‍സ് നേടിയ ഡോട്ടിന്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത ഓവറില്‍ അമേലിയ ഖേര്‍ താരത്തെ പുറത്താക്കി. ഒമ്പതാമതായി എത്തിയ സെയ്ദ ജെയിംസ് 14(8) അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 15(21), ക്വെയ്‌ന ജോസഫ് 12(12) എന്നിവരും നിറംമങ്ങി.
ന്യൂസിലാന്‍ഡിന് വേണ്ടി ഈഡന്‍ കാര്‍സണ്‍ മൂന്ന് വിക്കറ്റുകളും അമേലിയ ഖേര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. വനിതകളുടെ ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലാന്‍ഡിന്റെ മൂന്നാമത്തെ ഫൈനലിനാണ് അവര്‍ യോഗ്യത നേടിയിരിക്കുന്നത്. 2009, 2010 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. മറുവശത്ത് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ഫൈനലാണിത്. കഴിഞ്ഞ എഡിഷനില്‍ അവര്‍ ആദ്യമായി ഫൈനലിന് യോഗ്യത നേടിയെങ്കിലും ശക്തരായ ഓസീസിനോട് തോറ്റു. അതേ ഓസീസിനെ സെമിയില്‍ വീഴ്ത്തിയാണ് ഇത്തവണ ആഫ്രിക്കന്‍ സംഘത്തിന്റെ വരവ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണര്‍മാരായ ജോര്‍ജിയ പ്ലിമര്‍ 33(31), സൂസി ബേറ്റ്‌സ് 26(28) എന്നിവര്‍ നല്ല തുടക്കമാണ് നല്‍കിയത്. പിന്നീട് സോഫി ഡിവൈന്‍ 12(12), ബ്രൂക് ഹാലിഡേ 18(9), വിക്കറ്റ് കീപ്പര്‍ ഇസബെല്‍ ഗേസ് 20*(14) എന്നിവരുടെ പ്രകടനമാണ് ന്യൂസിലാന്‍ഡിന് ഷാര്‍ജയിലെ വേഗത കുറഞ്ഞ പിച്ചില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഫി ഫ്‌ളെച്ചര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.