e

ഇന്ത്യൻ സിനിമയിൽ ബോക്സ്ഓഫീസ് റെക്കാ‌‌ഡുകൾ തക‌ർത്ത ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് രാജമാലി സംവിധാനം ചെ.യ്ത ബാഹുബലി സീരീസ്. പ്രഭാസിനെ പാൻ ഇന്ത്യൻ താരമായി ഉയർത്തിയ ചിത്രത്തിൽ മഹേന്ദ്ര ബാഹുബലി,​ അമരേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മേക്കിംഗ് കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല,​ വിദേശത്തും വൻവിജയമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും രാജമൗലി അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ മൂന്നാംഭാഗം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കങ്കുവ സിനിമയുടെ നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാഹുബലി മൂന്നാംഭാഗം അണിയറയിൽ ഒരുങ്ങുന്നതായാണ് ജ്ഞാനവേൽ വെളിപ്പെടുത്തിയത്. സൂര്യചിത്രമായ കങ്കുവയുടെ പ്രമോഷൻ പരിപാടിക്കിടയിലായിരുന്നു ജ്ഞാനവേലിന്റെ പ്രതികരണം.

അടുത്തിടെ ബാഹുബലിയുടെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ബാഹുബലിയുടെ മൂന്നാംഭാഗം ആസൂത്രണഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച സിനിമാ പ്രവർത്തകരുമായി ചർച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അവർ ബാഹുബലി ഒന്നും രണ്ടും അടുത്തടുത്തായി ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി 3 ആസൂത്രണം ചെയ്യുകയാണെന്നും ജ്ഞാനവേൽ രാജ പറഞ്ഞു.

2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2017 ൽ ആയിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്. ശക്തമായ തിരക്കഥയുണ്ടെങ്കിൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് എസ്എസ് രാജമൗലി മുൻപ് സൂചന നൽകിയിരുന്നു.