d

തൃപ്പൂണിത്തുറ: വേമ്പനാട്ടു കായലിൽ പോളപ്പായൽ തിങ്ങി നിറഞ്ഞതോടെ മത്സ്യബന്ധനം പ്രതിസന്ധിയിൽ. കാലവർഷ കെടുതിയേക്കാൾ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ.

പ്രളയശേഷം എക്കലടിഞ്ഞും മാലിന്യം തള്ളിയും കായലിന്റെ ആഴം കുറഞ്ഞ് മത്സ്യസമ്പത്ത് നശിച്ചതിനിടെയാണ് ഇപ്പോൾ പായൽ ശല്യവും. കായലിൽ കിലോമീറ്ററുകളോളം ദൂരത്തായി പായൽ നിറഞ്ഞിരിക്കുന്നു. എന്നാൽ അവ നീക്കം ചെയ്യാൻ സർക്കാരും ഫിഷറീസ്‌ വകുപ്പും നടപടി സ്വീകരിക്കുന്നില്ല.

വീശുവല, ചീനവല, നീട്ടുവല, കക്കവാരൽ തുടങ്ങിയ പരമ്പരാഗത മത്സ്യബന്ധന രീതികൾ നിലച്ചിരിക്കുകയാണ്. പലരും വീട് പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻപലിശയ്ക്ക് പണം കടമെടുത്താണ് ജീവിതം തള്ളി നീക്കുന്നത്. പലിശ പോലും തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. പരമ്പരാഗതമായ തൊഴിൽ ചെയ്യാൻ കഴിയാത്തതിനാൽ യുവാക്കൾ തൊഴിൽ രഹിതരുമായി. തീരദേശ പരിപാലന നിയമത്തിന്റെ കീഴിലായതിനാൽ വീടുകൾ വില്ക്കാനും കഴിയുന്നില്ല.

തൊഴിൽ പ്രതിസന്ധിയിൽ

പടിഞ്ഞാറു നിന്ന് വീശി അടിക്കുന്ന ശക്തമായ കാറ്റിൽ ഉച്ചയ്ക്ക് ശേഷം തീരത്ത് അടിഞ്ഞു കൂടുന്ന കനം കൂടിയ പോളപ്പായൽ മൂലം വള്ളമിറക്കാൻ പലർക്കും കഴിയുന്നില്ല. നീട്ടുവലയിൽ ഉടക്കിക്കിട്ടുന്ന കരിമീൻ, കൊഞ്ച്, കണമ്പ് എന്നീ മത്സ്യങ്ങൾ കിട്ടാക്കനിയായി. പായൽ കൂട്ടത്തോടെ ഒഴുകിവന്ന് നീട്ടുവലകൾ ഒഴുക്കി കൊണ്ടുപോകുന്നു. കോരുവലയുപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് വെള്ളത്തിൽ ഇറങ്ങാനോ ചീനവലക്കാർക്ക് വല താഴ്ത്തുവാനോ സാധിക്കുന്നില്ല. ശക്തമായ വേലിയേറ്റത്തിൽ പായൽക്കൂനകൾ കൂട്ടത്തോടെ ഇടിച്ച് നിരവധി ഊന്നികുറ്റികൾ ഒടിഞ്ഞുപോയിട്ടുണ്ട്.

ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളാണ് ഉൾനാടൻ മേഖലയിൽ പോളപ്പായൽ ശല്യം മൂലം കഷ്ടത അനുഭവിക്കുന്നത്. ഇത് ശാസ്ത്രീയമായി നശിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പും സർക്കാരും ഇടപെടുകയും തൊഴിലാളികൾക്ക് ആവശ്യമായ ധനസഹായം നൽകുകയും വേണം.

ഇ.എസ്. ജയകുമാർ,

തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ്,

മത്സ്യ തൊഴിലാളി കോൺഗ്രസ്

 ഇവിടങ്ങളിൽ ദുരിതമേറെ

തെക്കൻ പറവൂർ,

ഉദയംപേരൂർ

 പെരുമ്പളം

ചാത്തമ്മ

പനങ്ങാട്

കുമ്പളം

 അരൂർ