
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യാ സിൻവാർ വെടിയുണ്ട തുളച്ച് തല തകർന്ന് മരണപ്പെടുന്നതിന് മുൻപ് മാരക പരിക്കുകൾ ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൈത്തണ്ട തകർന്ന് അമിതമായി രക്തം വാർന്നിരുന്നു. ഇതിനുപുറമെ ശരീരത്തിൽ മറ്റനേകം പരിക്കുകളും ഉണ്ടായിരുന്നു.
ചെറു മിസൈലുകളോ ടാങ്ക് ഷെല്ലോ പതിച്ചാവാം സിൻവാറിന്റെ കൈത്തണ്ട തകർന്നതെന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ ഇസ്രയേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടർ ചെൻ കുഗെൽ വ്യക്തമാക്കി. ഒരു ഇലക്‌ട്രിക് വയർ കൈത്തണ്ടയിൽ കെട്ടിവച്ച് ചോര വാർന്നൊഴുകുന്നത് തടയാൻ ഹമാസ് തലവൻ ശ്രമിച്ചിരുന്നു. എന്നാൽ മുറിവ് ആഴത്തിലുള്ളതായിരുന്നതിനാൽ അതിന് സാധിച്ചില്ല. മൃതദേഹത്തോടൊപ്പം ഗ്രനേഡുകളും തോക്കും ഉണ്ടായിരുന്നതിനാൽ സിൻവാറിന്റെ വിരലിന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്ത് പരിശോധനയ്ക്കായി ഇസ്രയേലിലേക്ക് അയച്ചിരുന്നതായും ഡോക്‌ടർ വ്യക്തമാക്കി. മരണം നടന്ന് 24 മുതൽ 36 മണിക്കൂറുകൾക്ക് ശേഷമായിരുന്നു പോസ്റ്റുമോർട്ടം നടന്നത്. ശേഷം മൃതദേഹം ഇസ്രയേൽ സേനയ്ക്ക് കൈമാറിയിരുന്നു.
1988 മുതൽ 2011വരെ ഇസ്രയേലിൽ തടവിലായിരുന്ന സിൻവാറിന്റെ ഡിഎൻഎ സാമ്പിൾ ഇസ്രയേലിന്റെ പക്കലുണ്ടായിരുന്നു. അതുമായി ഒത്തു നോക്കിയാണ് മൃതദേഹം സിൻവാറിന്റ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ഒരു കെട്ടിടത്തിലെ ഓപ്പറേഷനിലാണ് സിൻവാർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ സൂത്രധാരൻ സിൻവാർ ആയിരുന്നു.പിന്നാലെ ഗാസ യുദ്ധം തുടങ്ങി. സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തിരുന്നു.