
മനുഷ്യനെ മനുഷ്യനാക്കുന്നത് മനസിലെ ആർദ്രതയും സഹജീവികളോടുള്ള കാരുണ്യവുമാണെന്ന് മഹദ്‌വചനം. 'ഒരു പീഡയെറുമ്പിനും വരുത്തരു"തെന്നത് ഗുരുദേവ വാക്യം. പുരുഷനെക്കാൾ മനസിന് കൂടുതൽ ആർദ്രതയുള്ളത് സ്ത്രീകൾക്കാണത്രെ. കണ്ണുനീർത്തുള്ളിയെ സ്ത്രീയോട് കവി ഉപമിച്ചതും അതുകൊണ്ടാവാം. ആർദ്രത വറ്റുന്ന മനസ് വന്യമൃഗത്തെക്കാൾ ക്രൂരമാവും. വാളിനേക്കാൾ മൂർച്ചയുള്ള നാവുകൊണ്ട് മുറിവേൽപ്പിക്കും. പാമ്പിനേക്കാൾ വിഷമേറിയ വാക്കുകൾക്കൊണ്ട് കൊത്തിനുറുക്കും.
കൂരമ്പുകളേറ്റ് വിങ്ങിയ മനസുമായാണ് കണ്ണൂർ കളക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥൻ നവീൻ ബാബു മരണത്തിൽ അഭയം തേടിയത്. അതിനു കാരണക്കാരിയായി പറയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തീരാക്കണ്ണീരിലാഴ്ത്തിയത് അമ്മയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തെയും. അധികാരം ചിലരെ ഉന്മത്തരാക്കി മാറ്റാം. 'അഹങ്കാരത്തിന് കൈയും കാലും വച്ചയാളെ"ന്നും, 'ഈ വിധം പെണ്ണുങ്ങൾ ഭൂമിയിലുണ്ടോ" എന്നുമൊക്കെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ദിവ്യയ്ക്കെതിരെ നിറയുന്ന കമന്റുകളിൽ ചിലത്.
അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്ന മട്ടിലാണ് സംഭവത്തിൽ അവരുടെ പാർട്ടിയായ സി.പി.എം എന്നാണ് ആക്ഷേപം. അഴിമതിക്കാരനല്ലെന്ന് സമൂഹം ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മനസാക്ഷിയെയാണ് ഒരു പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തിന്റെ കൂരമ്പുകൾകൊണ്ട് കുത്തി മുറിവേൽപ്പിച്ചത്. അതിനെ ആത്മഹത്യാ പ്രേരണക്കുറ്റമായി നവീൻ ബാബുവിന്റെ നാടായ പത്തനംതിട്ടയിലെ പാർട്ടി അപലപിക്കുമ്പോൾ, കണ്ണൂരിലെ പാർട്ടിക്ക് അത് 'സദുദ്ദേശ്യപരമായ വിമർശന"മാവുന്നു!
'പൊലീസിനെന്താ ഈ വീട്ടിൽ കാര്യ"മെന്ന് സിനിമയിൽ ചോദിക്കാം. വഴിപോക്കർക്കെന്താ കണ്ണൂർ കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്റെ യാത്രഅയപ്പു ചടങ്ങിൽ കാര്യമെന്നും, ക്ഷണിക്കാതെ എന്തിന് അവിടെ എത്തിയെന്നും ചോദിക്കുന്നവരുണ്ട്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ സ്വയം മറന്ന് ആരെയും എന്തും പറയാമെന്നും ചെയ്യാമെന്നും കരുതുന്നവർക്ക് എപ്പോഴും എവിടെയും കയറിച്ചെല്ലാമെന്ന് ഉത്തരം. ക്ഷണമോ ഔചിത്യമോ ഒന്നും അവർക്ക് ബാധകമല്ല. യാത്രഅയപ്പ്, അനുശോചന ചടങ്ങുകളിൽ അധിക്ഷേപ വാക്കുകൾ പറയരുതെന്ന സാമാന്യ മര്യാദയും
പാലിക്കേണ്ടതില്ല.
നവീൻ ബാബുവിന്റെ യാത്രഅയപ്പു ചടങ്ങ് നടക്കുന്നതറിഞ്ഞ്, വഴിയേ പോയ താൻ ഒന്നു കയറിക്കളയാമെന്നു കരുതി വലിഞ്ഞുകയറിയതാണെന്നാണ് പി.പി. ദിവ്യ ആ ചടങ്ങിൽ പറഞ്ഞത്. കളക്ടർ ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മാറ്റിപ്പറഞ്ഞു. പെട്രോൾ പമ്പിന് എൻ.ഒ.സിക്കായുള്ള ഒരു സ്വകാര്യ വ്യക്തിയുടെ അപേക്ഷയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്തിനാണ് ഇടപെട്ടതെന്നതും അന്വേഷണത്തിന്റെയും കോടതിയുടെയും തീർപ്പിന് വിടാം. പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്ത് (അതോ പ്രശാന്തനോ) പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനാണ്. സർക്കാർ ജീവനക്കാരന് സ്വന്തമായി പെട്രോൾ പമ്പ് നടത്താൻ വിലക്കില്ലേ? പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ട നാലുകോടി രൂപ, ശമ്പളത്തിൽ നിന്ന് എങ്ങനെ കിട്ടും?അപ്പോൾ അയാൾ ആരുടെ ബിനാമി?കഥയിൽ ചോദ്യങ്ങളില്ല. ഉത്തരം കണ്ടെത്തണം.
പ്രതിഷേധം കടുത്തതോടെ പാർട്ടി ഇടപെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിവ്യയെ നാലാം നാൾ നീക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പക്ഷേ, കളക്ടറേറ്റ് വഴി പറന്നുപോയ 'ഈച്ച"യുടെ വരെ മൊഴിയെടുത്ത പൊലീസ്, ദിവ്യയെ ഇതുവരെ വിളിച്ചു വരുത്താനോ, വീട്ടിലെത്തി ചോദ്യം ചെയ്യാനോ തയ്യാറായില്ല. മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കുന്നത് സർക്കാരും പൊലീസുമാണെന്ന വിമർശനമാണ് പ്രതിപക്ഷത്തിന്റേത്.
പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി ദിവ്യ രാജിക്കത്തു നൽകി മടങ്ങിയിട്ടും പൊലീസ് കണ്ടില്ലത്രെ! പാർട്ടി സഖാക്കളുടെ കാവലുള്ള ദിവ്യയുടെ വീടിന് ഒരു കിലോമീറ്റർ അകലെവച്ച് പ്രതിഷേധക്കാരെ തടഞ്ഞ് അറസ്റ്റു ചെയ്തു മടങ്ങിയ പൊലീസ് ഏമാന്മാർക്ക് ആ വീട്ടിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും അനുവാദം ലഭിച്ചില്ല! ഒരേസമയം ഇരയ്ക്കൊപ്പം നിൽക്കുകയും, വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുകയെന്ന തന്ത്രം. കഴിഞ്ഞ ദിവസം പെട്ടെന്ന് 'അപ്രത്യക്ഷയായ" ദിവ്യയെ കണ്ടെത്താൻ ഭൂതക്കണ്ണാടി തേടുകയാണത്രേ കണ്ണൂരിലെ പൊലീസ്!
'ഞാനൊന്നും കണ്ടില്ല, കേട്ടില്ല, പറഞ്ഞില്ല" എന്ന മട്ടിൽ കണ്ണും കാതും വായും പൊത്തിയിരിക്കുന്ന മൂന്ന് വാനരന്മാരുടെ പ്രതിമകൾ ചിലയിടത്തൊക്കെ കാണാം. യാത്രഅയപ്പ് ചടങ്ങിൽ തനിക്കു കീഴിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനു നേർക്ക് അനവസരത്തിലുള്ള അധിക്ഷേപം കേട്ടിട്ടും അത് തടയാതെ തലകുമ്പിട്ടുള്ള ജില്ലാകളക്ടറുടെ ഇരിപ്പിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉപമിക്കുന്നത് അതിനോടാണ്. അരുതാത്തത് പറയുമ്പോൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ ചെവി പൊത്തിപ്പിടിക്കാം. അതിനും കഴിയാത്തതിനാലാണ് മൂക്കു പൊത്തിപ്പിടിച്ചതെന്ന് ഒരു പക്ഷം. വിഷവാക്കുകൾ വമിപ്പിച്ച ദുർഗന്ധം കാരണമെന്ന് മറ്റൊരു പക്ഷം.
എന്തായാലും, അനാവശ്യ അതിഥിയെ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയത് താനല്ലെന്നാണ് കളക്ടർ പറയാതെ പറയുന്നത്. മാതൃകാ ഉദ്യോഗസ്ഥനുള്ള പുരസ്കാരത്തിന് തികച്ചും അർഹൻ! യാത്രഅയപ്പ് ചടങ്ങിൽ കണ്ണടച്ച് ഇരുട്ടാക്കിയതു കൊണ്ടാവാം, എല്ലാം തനിക്ക് ഇപ്പോൾ ഇരുട്ടായി തോന്നുന്നുവെന്നാണ് പിന്നീട് നവീൻ ബാവുവിന്റെ കുടുംബത്തിനു കൊടുത്തയച്ച അനുശോചന കത്തിൽ ജില്ലാകളക്ടർ അരുൺ പി. വിജയന്റെ പരിദേവനം.'വെളിച്ചം ദു:ഖമാണുണ്ണീ, തമസല്ലോ സുഖപ്രദം!"
സംസ്ഥാനത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം കോൺഗ്രസിൽ നിന്ന് പ്രാണികളുടെ ഒഴുക്കാണ് പുറത്തേയ്ക്ക്. അതിലൊരു പ്രാണി ഡോ. പി. സരിൻ ഇടതു പാളയത്തിലെത്തിയതോടെ പ്രമാണിയായി! കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കൺവീനറായിരുന്നപ്പോൾ സി.പി.എമ്മിനും പിണറായി സഖാവിനുമെതിരെ സരിൻ നടത്തിയ ആക്രമണങ്ങളെല്ലാം വിശാലഹൃദയമുള്ള പാർട്ടി ക്ഷമിച്ചിരിക്കുന്നു. സരിനെ കൈയോടെ പിടിച്ച് പാലക്കാട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി. അതോടെ, സഖാവ് സരിൻ സിന്ദാബാദായി!
സ്കൂൾ ക്ലാസിൽ ഒരു കുട്ടി മോഹാലസ്യപ്പെട്ട് വീഴുന്നതു കണ്ടാൽ അതേ ക്ളാസിൽ തുടർന്ന് കൂട്ട മോഹാലസ്യം സംഭവിച്ചെന്നു വരാം. അത്തരം മാനസിക വിഭ്രാന്തി സംഭവിച്ചതു കൊണ്ടാണോ എന്നറിയില്ല. സരിനു പിന്നാലെ കോൺഗ്രസിൽ നിന്ന് പറന്നുപോകുന്ന പ്രാണികളുടെ എണ്ണം കൂടുന്നു. അതിലൊരു പ്രാണി സി.പി.എമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ പി.വി. അൻവറിന്റെ പുതിയ പാർട്ടിയുടെ ചേലക്കരയിലെ സ്ഥാനാർത്ഥിയാണ്. കോൺഗ്രസ് തറവാടു വിട്ടിറങ്ങിയ മറ്റൊരു പ്രാണിക്ക് ചായ സൽക്കാരമൊരുക്കി ഡി.വൈ.എഫ്.ഐ നേതാക്കൾ ആഹ്ലാദത്തോടെ കാത്തിരുന്നിട്ടും പ്രാണി ആ ചായയിൽ വീണില്ലെന്നാണ് കേട്ടത്. പി.സരിൻ എന്ന പ്രാണി പോയതുകൊണ്ട് കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കുമ്പക്കുടി സുധാകരന്റെ പരിഹാസം. കോൺഗ്രസിൽ നിന്ന് പ്രാണികളുടെ ഘോഷയാത്രയാണ് കാണാൻ പോകുന്നതെന്നാണ് അതിന് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. കരുതിയിരുന്നോളാൻ സുധാകരന് മുന്നറിയിപ്പും!
നുറുങ്ങ്:
തെറ്റു തിരുത്തി വരുന്ന ആരെയും സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
@ അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ (രാഷ്ട്രീയ പാർട്ടികൾ)
(വിദുരരുടെ ഫോൺ: 99461 98221)