
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കുനേരെ ഡ്രോൺ ആക്രമണം. ഇസ്രയേലിലെ സിസേറിയ നഗരത്തിലായിരുന്നു സംഭവം നടന്നത്. ആക്രമണ സമയം നെതന്യാഹു പ്രദേശത്തില്ലായിരുന്നുവെന്നും ആരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളില്ലെന്നും വക്താവ് അറിയിച്ചു.
ഒരു യുഎവി (ആളില്ലാ വിമാനം) ആണ് നെതന്യാഹുവിന്റെ വീടിനുനേരെ ആക്രമണം നടത്തിയത്. സംഭവസമയം പ്രധാനമന്ത്രിയും ഭാര്യയും സ്ഥലത്തില്ലായിരുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ലെബനനിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും ഒരു കെട്ടിടത്തിൽ പതിച്ചതായും നേരത്തെ ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഇസ്രയേൽ അതിർത്തി കടന്നുവന്ന മറ്റ് രണ്ട് സൈനികരെ തടസപ്പെടുത്തിയതായും സൈന്യം പറയുന്നു. ആക്രമണത്തിൽ ഹിസ്‌ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിനൊപ്പം ലെബനനിലെ ഹിസ്‌ബുള്ളയുമായും ഏറ്റുമുട്ടൽ നടത്തുകയാണ് ഇസ്രയേൽ.
വ്യോമാക്രമണത്തിലൂടെ ഹിസ്‌ബുള്ളയുടെ പ്രാദേശിയ കമാൻഡ് സെന്റർ തകർത്തതായി കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്‌തംബർ മാസം മുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 1418 പേരാണ് കൊല്ലപ്പെട്ടത്. ബെയ്‌റൂട്ടിന് വടക്കുള്ള ജോണിഹിൽ ഇന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ഹിസ്ബുള്ളയും ഇസ്രായേലും ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ആദ്യത്തെ ആക്രമാണിത്.