
കൊൽക്കത്ത: ഐ.എസ്എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനുറച്ച് കേരളാ ബ്ലാസ്റ്റേഴ്സ് നവാഗതരായ മുഹമ്മദൻസ് സ്പോർട്ടിംഗിനെ നേരിട്ടും. മുഹമ്മദൻസിൻ്റെ തട്ടകമായ കിഷോർ ഭാരതി ക്രി രംഗൺ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. അന്താരാഷ്ട്ര മത്സരങ്ങൾക്കാഉയുള്ള ഇടവേളയ്ക്ക് ശേഷം ഇരുടീമിന്റെയും ആദ്യ മത്സരമാണ് ഇന്നത്തത്തേത്.
4 മത്സരങ്ങളിൽ 1 വീതം ജയവും തോൽവിയും സമനിലയുമുൾപ്പടെ 5 പോയിൻ്റുമായി 7 -ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 4മത്സരങ്ങളിൽ നിന്ന് ഒന്ന് വീതം ജയവും സമനിലയും രണ്ട് തോൽവിയും വഴങ്ങിയ മുഹമ്മദൻസ് 4 പോയിന്റുമായി 9-ാം സ്ഥാനത്താണ് .
കഴിഞ്ഞ രണ്ട് കളികളിലും യഥാക്രമം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ഒഡിഷയോടും സമനില വഴങ്ങിയിരുന്നു ബ്ലാസ്റ്റേഴ്സ്. ഒഡിഷയ്ക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയ ശേഷമായിരുന്നു സമനിലയിൽ കുരുങ്ങിയത്. വെള്ളിയാഴ‌്ച രാത്രി കൊൽക്കത്തയിൽ എത്തിയ ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു. സൂപ്പർവതാരവും ക്യാപ്ടനുമായ അഡ്രിയാൻ ലൂണ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ കളിക്കാനിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരുടെ ആവേശമുയർത്തുന്നു. ലൂണ ആദ്യഇലവനിൽ ഇറങ്ങിയാൽ മധ്യനിരയിലെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനായിരിക്കും പുറത്തിരിക്കേണ്ടി വരിക. ഒന്നാം നമ്പർ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് ഫിറ്റ്‌നസ് പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. സച്ചിന് പകരം സോം കുമാർ വലകാക്കാൻ ഇന്നിറങ്ങിയേക്കും.
നേർക്കുനേർ
2021ലാണ് കിഷോർ ഭാരത് ക്രിരംഗൺ സ്റ്റേഡിയം പുനർനിർമ്മിച്ചത്. 2022ൽ ഡ്യൂറൻഡ് കപ്പിൽ ഇവിടെ മുഹമ്മദൻസും ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ മുഹമ്മദൻസ് 3-0ത്തിന് ബ്ലാസ്റ്റേഴ്സനെ കീഴടക്കിയിരുന്നു.