udayanidhi

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക ചടങ്ങുകളിൽ ടി ഷർട്ടും ജീൻസും ധരിച്ച് എത്തുന്നതിനെ ചോദ്യംചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ടി ഷർട്ടും ജീൻസും ഔപചാരിക വേഷമല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും

ചെന്നൈ സ്വദേശിയായ അഭിഭാഷകൻ എം.സത്യ കുമാർ നൽകിയ ഹർജിയിൽ പറയുന്നു. ഔദ്യോഗിക പരിപാടികളിലും ഓഫീസിലും ഉദയനിധി ടി ഷർട്ടുകൾ, ജീൻസ്, കാഷ്വൽ ചെരിപ്പ് എന്നിവ ധരിക്കുന്നു. ഔദ്യോഗിക പരിപാടിയിൽ ഡ്രസ് കോഡ് പാലിക്കണം. തമിഴ്നാട് സെക്രട്ടേറിയറ്റ് മാനുവലിൽ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ടെന്നും അത് പാലിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

ടി ഷർട്ടും ജീൻസും ധരിച്ച് ഉദയനിധി ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിപക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഹർജി നൽകിയത്. ഡി.എം.കെ.യുടെ ചിഹ്നമായ ഉദയസൂര്യന്റെ അടയാളമുള്ള ടി ഷർട്ടാണ് ഉദയനിധി ധരിക്കുന്നത്. സർക്കാർ ചടങ്ങിൽ പാർട്ടി ചിഹ്നം പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ പറയുന്നു.